ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന് വോണിന്റെ (Shane Warne) വിയോഗവാര്‍ത്തയുടെ നടുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ലെഗ് സ്പിന്നില്‍ വോണിനെ പോലെ ജാലവിദ്യ കാട്ടിയ മറ്റൊരു താരവും ഇക്കാലം വരെ ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ല. ഔദ്യോഗിക തിരക്കുകളില്‍ നിന്നും മാറി തായ്ലന്ഡില് വിശ്രമിക്കാനായി പോയ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറയുകയായിരുന്നു. ഇപ്പോഴിതാ അദേഹത്തിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് വിവരിക്കുകയാണ് താരത്തിന്റെ മാനേജരായ ജയിംസ് എര്സ്കിന് (James Erskine).
മരണത്തിന് തൊട്ടുമുന്‍പ് വരെ ഷെയ്ന് വോണ്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്നാണ് എര്സ്കിന് പറയുന്നത്. കൂട്ടുകാരുമൊത്ത് രാത്രി ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിന് മുന്‍പാണ് വോണിന് ഹൃദയാഘാതമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സിഡ്നി മോര്‍ണിങ് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തിനിടെയാണ് എര്സ്കിന് ഇക്കാര്യമറിയിച്ചത്. വോണിന്റെ മരണവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും ഉയര്‍ന്നുവരുന്ന സമയത്താണ് ദീര്‍ഘകാലമായി വോണിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്ന എര്സ്കിന് വിശദീകരണവുമായി രംഗത്തെത്തിയത്.
'മരണത്തിന് മുന്‍പ് അദ്ദേഹം മദ്യപിച്ചിരിന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് വസ്തുതാവിരുദ്ധമാണ്. മരണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം ക്രിക്കറ്റ് കാണുകയായിരുന്നു. വോണിനെ അന്വേഷിച്ച് റൂമിലെത്തിയപ്പോഴാണ് അദ്ദേഹം ബോധരഹിതനായി വീണുകിടക്കുന്നത് കണ്ടത്. ആ സമയം ടിവിയില്‍ പാകിസ്ഥാന്-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം നടക്കുകയായിരുന്നു. വോണ്‍ മത്സരം കാണുന്നതിനിടെയാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല'- എര്സ്കിന് പറഞ്ഞു.
'20 മിനിറ്റോളം സിപിആര്‍ കൊടുത്തു, അപ്പോഴേക്കും ആംബുലന്‍സ് എത്തി 20 മിനിറ്റിനുള്ളില്‍ ആശുപത്രിയിലെത്തിച്ചു, പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.'- എര്സ്കിന് കൂട്ടിച്ചേര്‍ത്തു. പുതിയ ഡയറ്റ് പ്ലാനിന്റെ ഭാഗമായി വോണ്‍ കഴിഞ്ഞ കുറച്ച് നാളുകളായി മദ്യപിക്കാറില്ലായിരുന്നുവെന്ന് എര്സ്കിന് അറിയിച്ചു.
Also read:
Shane Warne |രാവിലെ റോഡ് മാര്‍ഷിന്റെ വേര്‍പാടില്‍ വേദന പങ്കുവെച്ച് ട്വീറ്റ്; വൈകീട്ടോടെ വോണും യാത്രയായിലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന് വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന് വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
1969 സെപ്റ്റംബര്‍ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോണ്‍ ജനിച്ചത്. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബര്‍ 3ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോര്‍ഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന് റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന് വോണിന്റെ കീഴിലായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.