വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്ന സെമിഫൈനലിൽ ഓസ്ട്രേലിയയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. സ്വന്തം കാണികൾക്ക് മുന്നിൽ 134 പന്തുകളില്‍ നിന്ന് 14 ഫോറുകളോടെ 127 റണ്‍സ് നേടിയ മുംബൈക്കാരി ജെമീമ റോഡ്രിഗസിന്റെ പ്രകടനമാണ് ഓസീസ് ഉയർത്തിയ 338 എന്ന കൂറ്റൻ സ്കോർ മറികടന്ന് വിജയത്തിലെത്താൻ സഹായിച്ചത്. തകര്‍പ്പൻ പ്രകടനത്തോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ച പിന്തുണ നൽകി. 10 ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി.ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ ലക്ഷ്യം മറികടന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്.ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാംതവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്.
advertisement
സ്കോര്‍ ഓസ്ട്രേലിയ 49.5 ഓവറില്‍ 338ന് ഓള്‍ ഔട്ട്, ഇന്ത്യ 48.3 ഓവറില്‍ 341-5.
ഓസീസ് ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ആദ്യം തന്നെ ഇന്ത്യയ്ക്ക് ഷെഫാലി വർമ്മയുടെ വിക്കറ്റ് നഷ്ടമായി.കിം ഗാർത്തിനായിരുന്നു വിക്കറ്റ്. 13/1 എന്ന നിലയിലായിരുന്നു ഇന്ത്യയപ്പോൾ.തുടർന്ന് ജെമീമ റോഡ്രിഗസ് സ്മൃതി മന്ദാനയ്‌ക്കൊപ്പം ക്രീസിൽ എത്തി. എന്നാൽ സ്മൃതിയെ പുറത്താക്കി കിം ഗാർത്ത് വീണ്ടും ഇന്ത്യയെ തളർത്തി.രണ്ട് ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടെ 24 റൺസാണ് സ്മൃതി നേടിയത്.
പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറുമായി ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു ജെമീമ. ജെമീമയും ഹർമൻപ്രീതും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിത് മാറി. ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2017 ലെ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഹർമൻപ്രീത് പുറത്താകാതെ നേടിയ 171 റൺസിന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി ജെമീമ.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേസലിയ ഓപ്പണർ ഫീബ് ലിച്ച്‌ഫീൽഡിന്റെയും( 93 പന്തിൽ നിന്ന് 119 റൺസ്) എല്ലിസ് പെറിയുടെയും (88 പന്തിൽ നിന്ന് 77) ബാറ്റിംഗ് കരുത്തിലാണ് 338 എന്ന കൂറ്റൻസ്കോറിലേക്ക് എത്തിയത്. 155 റണ്‍സ് കൂട്ടിച്ചേര്‍ത്ത ലിച്ച്ഫീല്‍ഡ് - എല്ലിസ് പെറി സഖ്യം 28-ാം ഓവറിലാണ് പിരിയുന്നത്.ആവസാന നിമിഷത്തെ ആഷ്‌ലീ ഗാർഡ്നറടെ 45 പന്തിൽ നിന്ന് 65 റൺസ് വെടിക്കെട്ട് പ്രകടനവും ഓസ്ട്രേലിയയ്ക്ക് തുണയായി. ഇന്ത്യയ്ക്കു വേണ്ടി ദീപ്തി ശർമ്മ, ശ്രീ ചരണി എന്നിവ രണ്ട് വിക്കറ്റുകൾ വീതം വീഴ്ചി.

