അഞ്ചാംദിനം കളിക്കാനിറങ്ങുമ്പോൾ 9 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 58 റൺസാണ് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. കെ എൽ രാഹുലും സായ് സുദർശനും സ്കോറുയർത്തിയെങ്കിലും 25 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ വിക്കറ്റ് നഷ്ടമായി. റോസ്റ്റൺ ചേസിന്റെ പന്തിൽ സായ് സുദർശൻ (39 റൺസ്) പുറത്തായി.
പിന്നീട് നായകൻ ശുഭ്മാൻ ഗില്ലുമൊത്ത് രാഹുൽ ടീമിനെ നൂറുകടത്തി. സ്കോർ 108 ൽ നിൽക്കേ ഇന്ത്യക്ക് ക്യാപ്റ്റന്റെ വിക്കറ്റും നഷ്ടമായി. 13 റൺസ് മാത്രമെടുത്ത ഇന്ത്യൻ നായകനെയും ചേസാണ് പുറത്താക്കിയത്. പിന്നാലെ അർധസെഞ്ചുറി തികച്ച രാഹുൽ ജുറേലുമൊത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. രാഹുൽ 58 റൺസെടുത്തു. നാലാംദിനം ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
advertisement
ഫോളോ ഓൺ ചെയ്തശേഷം അവസാനദിവസത്തിലേക്ക് കളി നീട്ടിയെടുക്കാൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞിരുന്നു. ജോൺ കാംബെലിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളും അവസാനവിക്കറ്റിൽ ജസ്റ്റിൻ ഗ്രീവ്‌സും ജെയ്ഡൻ സീൽസും കൂട്ടിച്ചേർത്ത 79 റൺസുമാണ് വിൻഡീസ് ചെറുത്തുനിൽപ്പിന് കരുത്ത് പകർന്നത്. വിൻഡീസിന്റെ രണ്ടാമിന്നിങ്‌സ് 390 റൺസിന് അവസാനിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 121 റൺസായി മാറി.
വിൻഡീസിനായി മൂന്നാം വിക്കറ്റിൽ ഓപ്പണർ ജോൺ കാംബെലും ഷായ് ഹോപ്പും ചേർന്ന് 295 പന്ത് നേരിട്ട് 177 റൺസാണ് കൂട്ടിച്ചേർത്തത്. ഈ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. കാംബെൽ 199 പന്തിൽനിന്നാണ് 115 റൺസെടുത്തത്. ഹോപ്പ് 214 പന്തിൽനിന്ന് 103 റൺസിലെത്തി. കാംബെലിനെ ജഡേജ വിക്കറ്റിനുമുന്നിൽ കുടുക്കിയപ്പോൾ ഹോപ്പ് സിറാജിന്റെ പന്തിൽ ബൗൾഡായി. ഇരുവർക്കും പുറമേ ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (40) കൂടി തിളങ്ങിയതോടെ വിൻഡീസ് ശക്തമായനിലയിലായിരുന്നു. എന്നാൽ, ചേസ് പുറത്തായതോടെ ടീം കൂട്ടത്തകർച്ച നേരിട്ടു.
പത്താം വിക്കറ്റിൽ ഗ്രീവ്‌സും സീൽസും ഉറച്ചുനിന്നതോടെയാണ് ടീം 390 റൺസിലെത്തുന്നത്. 133 പന്തുകളാണ് ഇരുവരും ചേർന്ന് നേരിട്ടത്. 79 റൺസും വന്നു. സീൽസ് 67 പന്തിൽനിന്നാണ് 32 റൺസെടുത്തത്.