ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. തുടക്കക്കാരനായ ടി. നടരാജൻ മികവ് തെളിയിച്ചപ്പോൾ യൂസ്‌വേന്ദ്ര ചാഹലും വിട്ടുകൊടുത്തില്ല. നാല് ഓവര്‍ എറിഞ്ഞ നടരാജന്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും മികച്ച തുടക്കമാണ് നല്‍കിയത്. എങ്കിലും ഈ ഫോം നിലനിർത്താൻ പിന്നീട് വന്നവർക്ക് സാധിച്ചില്ല. 26 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 35 റണ്‍സെടുത്ത ഫിഞ്ച് മടങ്ങിയത്. പിന്നാലെ 12 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ചാഹല്‍ മടക്കി.
advertisement
11-ാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മടക്കി ടി. നടരാജന്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. പിന്നാലെ ഡാര്‍സി ഷോര്‍ട്ടിനെയും നടരാജന്‍ പുറത്താക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. വിരാട് കോഹ്‌ലി ഉൾപ്പടെയുള്ള പ്രമുഖർ കളി മറന്നപ്പോൾ കെ.എൽ.രാഹുലിന്റെ അർധ സെഞ്ചുറിയും അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ നടത്തിയ വെടിക്കെട്ടു ബാറ്റുങ്ങുമാണ് ഇന്ത്യയ്ക്കു തുണയായത്. 23 റൺസെടുത്തെങ്കിലും മലയാളി താരം സഞ്ജു വി സാംസന് അവസരം മുതലെടുക്കാനായില്ല.