ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചു ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 22.5 ഓവറിൽ 142 റൺസ് കൂട്ടിച്ചേർത്തു. 77 പന്ത് നേരിട്ട വാർണർ 7 ഫോറും മൂന്നു സിക്സറും ഉൾപ്പടെയാണ് 83 റൺസെടുത്തത്. ഫിഞ്ച് 69 പന്തിലാണ് 60 റൺസെടുത്തത്. ഇരുവരും അടുത്തടുത്ത് മടങ്ങിയെങ്കിലും പിന്നടെത്തിയ സ്മിത്തും മാർനസ് ലാബുസ്ചാഗ്നെയും ചേർന്ന് ഓസ്ട്രേലിയയെ മുന്നോട്ടു നയിച്ചു.
advertisement
സ്മിത്ത് ആയിരുന്നു കൂടുതൽ ആക്രമിച്ചു കളിച്ചത്. വെറും 64 പന്തിൽനിന്നാണ് സ്മിത്ത് 104 റൺസെടുത്തത്. 14 ഫോറും രണ്ടു സിക്സറും ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്‍റെ ഇന്നിംഗ്സ്. സ്മിത്ത് പുറത്താകുമ്പോൾ ഓസ്ട്രേലിയ 41.2 ഓവറിൽ മൂന്നിന് 292 റൺസ് എന്ന സുരക്ഷിതമായ സ്കോറിൽ എത്തിയിരുന്നു. ആദ്യ മത്സരത്തിൽ സ്മിത്ത് 114 റൺസാണ് നേടിയത്.
അവസാന ഓവറുകളിൽ ഗ്ലെൻ മാക്സവെൽ നടത്തിയ വെടിക്കെട്ടാണ് ഓസ്ട്രേലിയൻ സ്കോർ 400ന് അടുത്തെത്തിച്ചത്. വെറും 29 പന്ത് മാത്രം നേരിട്ട മാക്സവെൽ നാലു വീതം സിക്സറും ഫോറും ഉൾപ്പടെയാണ് 63 റൺസെടുത്ത് പുറത്താകാതെ നിന്നത്.
ഇന്ത്യൻ ബൌളർമാരിൽ രവീന്ദ്ര ജഡേജയും ഹർദ്ദിക് പാണ്ഡ്യയും ഒഴികെയുള്ളവർ നിറംമങ്ങി. ബുംറ, ഷമി, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഷമി 9 ഓവറിൽ 73 റൺസും ബുംറ 10 ഓവറിൽ 79 റൺസും സെയ്നി ഏഴ് ഓവറിൽ 70 റൺസും വഴങ്ങി. യുസ്വേന്ദ്ര ചഹൽ ഒമ്പത് ഓവറിൽ 71 റൺസാണ് വഴങ്ങിയത്.