139 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ വെറും 7 റൺസുമായി മടങ്ങി. പിന്നീട് ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ വൈഭവ് സൂര്യവംശിയിലായിരുന്നു. എന്നാൽ വൈഭവ് 9 റൺസ് മാത്രമെടുത്ത് താരം പുറത്തായി. അതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ആരോൺ ജോർജും വിഹാൻ മൽഹോത്രയും ഒന്നിച്ചതോടെയാണ് ഇന്ത്യൻ വിജയതീരമണിഞ്ഞു. ഇരുവരും ശ്രദ്ധയോടെ ലങ്കൻ ബൗളർമാരെ നേരിട്ടു. എട്ടോവർ അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു ടീം. പിന്നീട് വിഹാൻ മൽഹോത്ര വെടിക്കെട്ട് നടത്തിയതോടെ ടീം 13 ഓവറിൽ നൂറുകടന്നു. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇരുവരും ഇന്നിങ്സ് മുന്നോട്ടേക്ക് കൊണ്ടുപോയി. അതോടെ മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമുയർന്നു. ആരോൺ ജോർജും അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. വിഹാൻ മൽഹോത്ര 61 റൺസും ആരോൺ ജോർജ് 58 റൺസുമെടുത്ത് പുറത്താവാതെ നിന്നു.
advertisement
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 20 ഓവറിൽ 8വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് മോശം തുടക്കമായിരുന്നു. 28 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായി. ദുൽനിത് സിഗേര(1), വിരാൻ ചാമുദിത(19), കാവിജ ഗാമേജ്(2) എന്നിവരാണ് അതിവേഗം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിമത് ദിൻസാരയും ചാമികയും ചേർന്നാണ് ടീമിനെ 50 കടത്തിയത്. സ്‌കോർ 73 ൽ നിൽക്കേ ദിൻസാര പുറത്തായി. 29 പന്തിൽ നിന്ന് 32 റൺസെടുത്താണ് താരം മടങ്ങിയത്.
കിത്മ വിതനപതിരണ(7), ആദം ഹിൽമി(1) എന്നിവരെയും പുറത്താക്കി ഇന്ത്യ ലങ്കയെ പ്രതിരോധത്തിലാക്കി. ഇതോടെ ടീം 84-6 എന്ന നിലയിലേക്ക് വീണു. ഏഴാം വിക്കറ്റിൽ സെത്മിക സെനവിരത്‌നെയുമായി ചേർന്ന് ചാമിക നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. അതോടെ ലങ്കൻ സ്കോർ 130 കടന്നു. ചാമിക 42 റൺസെടുത്തും സെനവിരത്നെ 30 റൺസെടുത്തും പുറത്തായി. ഇന്ത്യക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും 2 വിക്കറ്റുകൾ വീതം നേടി.
