താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ബിസിസിഐ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം ട്വന്‍റി-20 മത്സരം നടന്ന കെബർഡഹയിൽ നിന്നും സെഞ്ചൂറിയനിലേക്കുള്ള യാത്രയും സഞ്ജുവിന്‍റെ പിറന്നാൾ ആഘോഷവുമെല്ലാമുള്ള വീഡിയോയാണ് ബിസിസിഐ പുറത്തുവിട്ടത്. ബസ്സിൽ പോകുന്നതിനിടെ ടീമംഗങ്ങൾ സഞ്ജുവിന് പിറന്നാൾ ആശംസിക്കുന്നത് കാണാൻ സാധിക്കും. നവംബർ 11നായിരുന്നു സഞ്ജുവിന്റെ 30-ാം പിറന്നാൾ.
സെഞ്ചൂറിയനിൽ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ മുന്നിലെത്താനായിരിക്കും ഇന്ത്യൻ ടീം ശ്രമിക്കുക. ആദ്യ മത്സരത്തിൽ സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തിൽ ആധികാരികമായി വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിടുകയും മത്സരം അടിയറവ് പറയുകയും ചെയ്തിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പര നേടണമെങ്കിൽ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ വിജയിച്ചെ മതിയാകൂ. രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങി സഞ്ജു ആരാധകരെ നിരാശരാക്കിയിരുന്നു. മൂന്നാം മത്സരത്തിൽ താരത്തിൽ നിന്നും മികച്ച പ്രകടനം ടീമും ആരാധകരും പ്രതീക്ഷിക്കുന്നു. 13-ാം തീയതിയാണ് മൂന്നാം മത്സരം.