ഇന്ത്യയിലെ കോവിഡ് വ്യാപനം മൂലം ഐപിഎൽ നിർത്തിവെക്കേണ്ടി വരികയും, ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ നടത്താൻ ബിസിസിഐ തീരുമാനം എടുക്കുകയും ചെയ്തതോടെയാണ് ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി യുഎഇ വേദി ഒരുക്കാം എന്നറിയിച്ചത്. തുടർന്നാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ടൂർണമെന്റ് എന്ന് വിലയിരുത്തപ്പെടുന്ന ഐപിഎൽ നിലവിൽ യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് വേദികളിലുമായി പുരോഗമിക്കുകയാണ്. മൊത്തം 60 മത്സരങ്ങൾ ഉള്ള ടൂർണമെന്റിൽ യുഎഇയിൽ ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് നടക്കുക.
advertisement
ഇതിനുപുറമെയാണ് ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഐസിസി ടി20 ലോകകപ്പിനും യുഎഇയിൽ നടത്താനുള്ള നീക്കം ബിസിസിഐ നടത്തിയത്. 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് യുഎഇയിലും ഒമാനിലുമായാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മൊത്തം 45 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക. ഒക്‌ടോബർ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 ന് ആരംഭിക്കും. നവംബർ 14ന് ദുബായിൽ വെച്ചാണ് ഫൈനൽ. ഫൈനൽ ഉൾപ്പെടെ 12 മത്സരങ്ങളാണ് ദുബായിൽ നടക്കുക. ഒക്ടോബർ 15ന് നടക്കുന്ന ഐപിഎൽ ഫൈനലിനും ദുബായ് തന്നെയാണ് വേദി. ഐപിഎല്ലിലെ 13 മത്സരങ്ങൾക്കും ദുബായ് വേദിയാകുന്നുണ്ട്.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്, ടി20 ലോകകപ്പിലെ ഇന്ത്യ - പാകിസ്താൻ പോരിന് വേണ്ടിയാണ്. ചിരവൈരികളായ ഇരു ടീമുകളുടെയും പോരാട്ടങ്ങൾ ആരാധകർക്ക് എപ്പോഴും ആവേശം പകരുന്ന നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരുവരുടെയും നേർക്കുനേർ പോരാട്ടങ്ങൾ ഇപ്പോൾ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾ അരങ്ങേറുന്ന ഐസിസി ടൂർണമെന്റുകൾക്കായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.
ഒക്ടോബർ 24 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ടൂർണമെന്റിലെ ഏറ്റവും വലിയ ചർച്ചാവിഷയമാകും.
"ഇന്ത്യയിലും പാകിസ്താനിലുമുള്ള നിരവധി ആളുകൾ യുഎഇയെ അവരുടെ വീട് എന്ന് വിളിക്കുന്നു. ടൂർണമെന്റിനായി ലോകമെമ്പാടുമുള്ള ധാരാളം ഇന്ത്യൻ, പാകിസ്താൻ ആരാധകർ യുഎഇയിലേക്ക് വരുന്നു, ഈ മത്സരത്തിനായി പ്രത്യേകിച്ചും. ഈ കളിക്ക് ചുറ്റും സ്റ്റേഡിയത്തിനകത്തും പുറത്തും വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," - ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരീബ് പറഞ്ഞു,
രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ നേർക്കുനേർ എത്തുന്നത്. 2019 ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.
"പക്ഷേ ഈ മത്സരത്തിന് മുൻപ്, ധാരാളം ക്രിക്കറ്റ് കളിക്കാൻ ഉണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനെ തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കഴിഞ്ഞ വർഷവും ഐപിഎൽ നടന്നത് ഇവിടെയാണ്, അവരുടെ തിരിച്ചുവരവ് കോവിഡ് മഹാമാരിയിൽ പെട്ട് ഉലയുന്ന രാജ്യത്തിന് കരുത്ത് പകരുന്നതാണ്."
"കഴിഞ്ഞ വർഷം, ഐപിഎൽ കുടുംബം രണ്ട് മാസത്തിലേറെയായി ഇവിടെ ഉണ്ടായിരുന്നു, എട്ട് ടീമുകൾ ഐപിഎല്ലിൽ കളിക്കുന്നു, അതിനാൽ ഇവിടെ നൂറുകണക്കിന് കളിക്കാരും അവർക്ക് പിന്തുണയുമായി അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഉണ്ടായിരുന്നു, കളിക്കാരോടൊപ്പം ബയോ ബബിളി ന്റെ സുരക്ഷിത്വത്തിൽ താമസിക്കുന്ന അവരുടെ കുടുംബങ്ങളും ഒപ്പം 700-ലധികം ടിവി പ്രൊഡക്ഷൻ ക്രൂവും 90 ലധികം കമന്റേറ്റർമാരും ഉണ്ടായിരുന്നു. ഇത് ഒരു ശ്രമകരമായ കാര്യമായിരുന്നു. എന്നാൽ ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അത് നടത്തിയെടുത്തു, ഞങ്ങൾ ഇപ്പോൾ ഐപിഎല്ലിന്റെ മറ്റൊരു മികച്ച സീസണിനായി കാത്തിരിക്കുകയാണ് - ഇത്തവണ സ്റ്റേഡിയത്തിൽ ആരാധകരുണ്ട് എന്നത് നേട്ടമാണ്." സയീദ് ഹരീബ് പറഞ്ഞു.
Also read- IPL 2021| ഹർഷലിന് ഹാട്രിക്; മുംബൈയെ എറിഞ്ഞിട്ട് ആർസിബി; 54 റൺസ് ജയം
യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎൽ ടെലിവിഷൻ സംപ്രേക്ഷണം വഴി റെക്കോർഡ് നേട്ടമാണ് ഉണ്ടാക്കിയത്. ചില കാണിക്കകളിലൂടെ -
ഇന്ത്യയിലെ അതിശയിപ്പിക്കുന്ന 405 ദശലക്ഷം കാഴ്ചക്കാർ - മൊത്തം 836 ദശലക്ഷം ടിവി വ്യൂവർഷിപ്പിൽ - 2020 ലെ ടൂർണമെന്റ് കണ്ടു, ഇന്ത്യയിലെ ഏതെങ്കിലും പ്രക്ഷേപണ വസ്തുവിന്റെ മുമ്പത്തെ എല്ലാ റെക്കോർഡുകളും തകർത്തു. യുഎഇയിൽ 2020 ലെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം 158 മില്യൺ ആളുകൾ കണ്ടു, ഇത് ഐപിഎൽ 2019 ന്റെ ഉദ്ഘാടന മത്സരത്തിൽ രേഖപ്പെടുത്തിയ 131 ദശലക്ഷം കാഴ്ചക്കാരെക്കാൾ 21 ശതമാനം കൂടുതലാണ്. 2020 ഐപിഎല്ലിന്റെ 405 ദശലക്ഷം ഇന്ത്യൻ കാഴ്ചക്കാർ ടൂർണമെന്റ് കാണാൻ മൊത്തം 400 ബില്യൺ മിനിറ്റ് ചെലവഴിച്ചു, ഇത് ഐപിഎൽ 2019ൽ (326 ബില്യൺ മിനിറ്റ്) മൊത്തം ഉപഭോഗത്തിൽ 23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്, കൂടാതെ ഐസിസി 2019 ലോകകപ്പിനേക്കാൾ (356 ബില്യൺ മിനിറ്റ്) 12.4 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഐപിഎൽ 2021 സെപ്റ്റംബർ 19-ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തോടെയാണ് ഐപിഎൽ രണ്ടാം പാദം ആരംഭിച്ചത്. തുടർന്ന് ഒരാഴ്ചയിൽ ഏകദേശം പത്ത് മത്സരങ്ങൾ വിവിധ വേദകളിലായി അരങ്ങേറി. വളരെ മികച്ച രീതിയിലാണ് ടൂർണമെന്റ് മുന്നോട്ട് പോവുന്നത്. നിലവിൽ 10 കളികളിൽ നിന്നും 16 പോയിന്റുമായി എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.