ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ ഒരു സീസണിലെ രണ്ട് മത്സരങ്ങളിലും ജയം നേടുന്നത്. മത്സരത്തിൽ നേടിയ ജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 33 പോയിന്റായ ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് തിരിച്ചെത്തി. 19 മത്സരങ്ങളിൽ 31 പോയിന്റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല. എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് ലീഗിന്റെ അവസാന മത്സരം. ഈ മത്സര൦ സമനിലയായാലും ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് യോഗ്യത നേടാം.
advertisement
മുംബൈയുടെ ആക്രമണം കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്തേക്ക് തുടരെ ആക്രമണങ്ങളുമായെത്തിയ മുംബൈ താരങ്ങൾ ആദ്യത്തെ കുറച്ച് മിനിറ്റുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധത്തിലാക്കി. എന്നാൽ പതിയെ താളത്തിലേക്കെത്തിയ ബ്ലാസ്റ്റേഴ്‌സ് എതിർ ഗോൾമുഖത്തേക്ക് മുന്നേറ്റങ്ങളുമായി എത്താൻ തുടങ്ങി.12-ാ൦ മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെ ആദ്യ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോവുകയായിരുന്നു.
പിന്നീട് തുടരെ ആക്രമണങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക് 19-ാ൦ മിനിറ്റിൽ ഫലം കണ്ടു. 19-ാ൦ മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ഒരു മികച്ച സോളോ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിക്കുകയായിരുന്നു. മുംബൈയുടെ ബോക്‌സിന് മുന്നിൽ അവരുടെ പ്രതിരോധ താരങ്ങൾക്കെതിരെ ഡ്രിബിൾ ചെയ്ത് മുന്നേറിയ സഹൽ ബോക്സിനുള്ളിലേക്ക് കയറി രണ്ട് മുംബൈ പ്രതിരോധ താരങ്ങൾക്കിടെയിയിലൂടെ സഹൽ പന്ത് ഗോളിലേക്ക് പായിക്കുകയായിരുന്നു. സഹൽ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയില്‍ കയറുന്നത് നോക്കി നില്‍ക്കാനെ മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനായുള്ളു.
ലീഡെടുത്തതോടെ തുടർ ആക്രമണങ്ങൾ നടത്തി ബ്ലാസ്റ്റേഴ്‌സ് മുംബൈയെ പ്രതിരോധത്തിലാക്കുകയായിരുന്നു. 26ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ബോക്സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കിൽ നിന്നും ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നിലെത്തേണ്ടതായിരുന്നു. ഷോട്ട് എടുത്ത വാസ്‌കസ് പന്ത് ഗോളിലേക്ക് തന്നെയാണ് ലക്ഷ്യം വെച്ചതെങ്കിലും കൃത്യമായി പൊസിഷൻ ചെയ്ത് നിന്നിരുന്ന മുംബൈ ഗോളി നവാസ് പന്ത് അനായാസം കൈയിലൊതുക്കുകയായിരുന്നു.
തുടരെ ആക്രമണങ്ങൾ നടത്തി മുന്നേറുമ്പോഴും മറുവശത്ത് പ്രതിരോധത്തിൽ മുംബൈക്ക് ഒരു പഴുതും അവർ നൽകിയില്ല. മികച്ച ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര മുംബൈയുടെ സൂപ്പര്‍ താരം ഇഗോര്‍ അംഗുലോയെ ഓഫ് സൈഡില്‍ കുടുക്കി തളച്ചിടുകയായിരുന്നു.
ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മുംബൈക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചെങ്കിലും ബിപിന്‍ സിംഗിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയത് മുംബൈക്ക് തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വാസ്‌കസിനെ പെനാൽറ്റി ബോക്സില്‍ വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി വാസ്‌കസ് ആയിരുന്നു ഗോൾ നേടിയത്.
രണ്ട് ഗോളിന്റെ ലീഡുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു രണ്ടാം പകുതിയിലും മേധാവിത്വം പുലർത്തിയത്. സമനില ഗോൾ നേടാനായി മുംബൈയും ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സും മത്സരത്തിൽ തിരികെയെത്താൻ മുംബൈയും ശ്രമങ്ങൾ നടത്തിയതോടെ രണ്ടാം പകുതി ആവേശകരമായി മാറുകയായിരുന്നു.
മുംബൈ ഗോളി മുഹമ്മദ് നവാസിന്റെ പിഴവിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ വന്നത്. മുംബൈയുടെ പ്രതിരോധ താരം മുർത്താദ ഫാൾ നൽകിയ മൈനസ് പാസ് ക്ലിയർ ചെയ്യുന്നതിൽ നവാസിന് പിഴയ്ക്കുകയായിരുന്നു. നവാസിന്റെ കിക്കിൽ നിന്നും പന്ത് ലഭിച്ച വാസ്‌കസ് അത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.
71-ാ൦ മിനിറ്റിൽ ഡീഗോ മൗറീഷ്യോ നേടിയ പെനാൽറ്റി ഗോളിലൂടെ ഗോൾ നേടി മുംബൈ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നതോടെ അവർക്ക് നിരാശരാകേണ്ടി വന്നു.