ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു വ്യാഴാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. വനിതാ ലോകകപ്പിൽ പരാജയം എന്തെന്നറിയാത്ത കരുത്തരായ ഓസ്ട്രേലിയ ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കി നിൽക്കെയാണ് ആതിഥേയരായ ഇന്ത്യ മറികടന്നത്. 134 പന്തിൽ 14 ബൗണ്ടറികളോടെ 127 റൺസ് നേടിയ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
advertisement
ഐസിസി വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ കുതിച്ച രാത്രി ജെമീമ റോഡ്രിഗസിന്റെ റെക്കോർഡ് സെഞ്ച്വറിയുടെ പേരിൽ മാത്രമല്ല, തുടർന്നുള്ള വൈകാരിക ആലിംഗനത്തിന്റെയും പേരിൽ എന്നും ഓർമ്മിക്കപ്പെടും.നിറഞ്ഞൊഴുകിയ സ്റ്റേഡിയത്തിന് മുന്നിൽ നേടിയ ചരിത്ര വിജയത്തിനുശേഷം, ജെമീമയ്ക്ക് കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അവൾ പൊട്ടിക്കരഞ്ഞു. വിജയത്തിന് ശേഷം സ്വന്തം മാതാപിതാക്കൾ ഇരിക്കുന്നിടത്തേക്ക് നോക്കി നിറകണണ്ണുകളോടെ, നന്ദിയോടെ അവൾ മുട്ടുകുത്തി.
പ്ളെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ഉടൻ തന്നെ ജെമീമ കുടുംബത്തോട് സംസാരിച്ചു. വിജയത്തിന്റെ ആനന്ദത്തിൽ പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പരിശീലകനായ ഇവാൻ റോഡ്രിഗസും മറ്റ് കുടുംബാംഗങ്ങളുംജെമീമയ്ക്കൊപ്പം ഉണ്ടായിരുന്നു. പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാര പ്രഖ്യാപന പ്രസംഗത്തിനിടെ, ഉത്കണ്ഠ കാരണം താൻ എല്ലാ ദിവസവും കരഞ്ഞിരുന്നുവെന്ന് ജെമീമ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ടീമിൽ നിന്ന് പുറത്തായതിനെക്കുറിച്ചും അവർ സംസാരിച്ചു. തന്റെ പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി പറയുന്നെന്നും ജെമീമ പറഞ്ഞു.
"നവി മുംബൈ എനിക്ക് എപ്പോഴും പ്രത്യേകതയുള്ളതാണ്. ഇതിനേക്കാൾ മികച്ചതൊന്നും എനിക്ക് പ്രതീക്ഷിക്കാനില്ല. പിന്തുണച്ച, ആർത്തുവിളിച്ച, വിശ്വസിച്ച, ഓരോ അംഗത്തിനും ഞാൻ നന്ദി പറയുന്നു," ജെമിമ പറഞ്ഞു." ഞാൻ ക്ഷീണിതയാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഓരോ റണ്ണിനും കാണികൾ എന്നെ പ്രോത്സാഹിപ്പിച്ചു, അത് എന്നെ ഉത്തേജിപ്പിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി," അവർ കൂട്ടിച്ചേർത്തു
