TRENDING:

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ 7 ദിനങ്ങൾ

Last Updated:

67ാമത് സ്കൂൾ കായിക മേള മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക കേരളത്തിൻ്റെ മഹത്തായ സാംസ്കാരിക സംഗമമെന്ന് മന്ത്രി ശിവൻകുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ അനുസ്യൂതം തുടരുകയാണെന്ന് മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്. 20,000 ഓളം സ്കൂൾ വിദ്യാർത്ഥികളോടൊപ്പം 2,000 ഭിന്നശേഷി കുട്ടികളും ഇത്തവണ മേളയിൽ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും 35 കുട്ടികളും മേളയുടെ ഭാഗമാവുന്നു. മേള വഴി ഉണ്ടാകുന്ന സാഹോദര്യവും, കായിക ഉണർവും സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
കായിക മേളയുടെ ദീപശിഖ മുൻ ഫുട്ബോൾ താരം ഐ എം വിജയൻ തെളിയിക്കുന്നു
കായിക മേളയുടെ ദീപശിഖ മുൻ ഫുട്ബോൾ താരം ഐ എം വിജയൻ തെളിയിക്കുന്നു
advertisement

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 20,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും അധ്യാപകരും ഭാഗമാകുന്ന മേള, കേവലം മത്സരമല്ല, കായിക കേരളത്തിൻ്റെ മഹത്തായ സാംസ്കാരിക സംഗമമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ചരിത്രത്തിലേക്ക് ഒരു കുതിപ്പ് എന്ന വിശേഷണത്തോടെയാണ് അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേള ആരംഭിക്കുന്നത്. 41 കായിക ഇനങ്ങളിലായി, 12 സ്റ്റേഡിയങ്ങളിൽ കുട്ടികൾ വേഗതയുടെയും കരുത്തിൻ്റെയും പുതിയ ചരിത്രമെഴുതാൻ തയ്യാറെടുക്കുകയാണ്.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക രംഗത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നതിലൂടെ അനുകരണീയമായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇത്തവണ ഇൻക്ലൂസീവ് സ്പോർട്സിൽ പെൺകുട്ടികൾക്കായി 'ബോച്ചേ', ആൺകുട്ടികൾക്കായി 'ക്രിക്കറ്റ്' എന്നിവ ആദ്യമായി ഉൾപ്പെടുത്തിയതും സർക്കാർ കുട്ടികൾക്ക് നൽകുന്ന പരിഗണനയുടെ തെളിവാണ്. അതോടൊപ്പം തനത് ആയോധന കലയായ കളരി ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ യിലെ കേരള സിലബസ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഇത്തവണ മേളയിൽ മാറ്റുരയ്ക്കാൻ കഴിഞ്ഞതിലൂടെ കായികമേളയുടെ പെരുമ കേരളം കടന്നും മുന്നേറുകയാണ്- മന്ത്രി പറഞ്ഞു.

advertisement

മേള നാളെയുടെ ഒളിമ്പ്യന്മാരെ വാർത്തെടുക്കാനുള്ള കളരിയാണെന്ന് പറഞ്ഞ പൊതുവിദ്യാഭ്യാസ മന്ത്രി സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരിക്കുക, പുതിയ സൗഹൃദങ്ങൾ കണ്ടെത്തുക, പരസ്പരം ബഹുമാനിക്കാൻ പഠിക്കുക എന്നതാണ് പ്രധാനമെന്നും വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചു. കായിക കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ സ്കൂൾ കായിക മേള മികച്ച നിലയിൽ സംഘടിപ്പിച്ചുവെന്നും അദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പാണ് സമ്മാനം. മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബ്രാൻഡ് അംബാസിഡറായ മേളയുടെ ഗുഡ്‌വിൽ അംബാസിഡർ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷാണ്. മേളയുടെ തീം സോങ്ങാണ് മറ്റൊരു പ്രത്യേകത. തീം സോങ്ങിന്റെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും പൂർണമായും നിർവ്വഹിച്ചത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്.

advertisement

കായിക മേളയുടെ ദീപശിഖ മുൻ ഫുട്ബോൾ താരം ഐ എം വിജയനും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ എച്ച് എം കരുണപ്രിയയും സംയുക്തമായി തെളിയിച്ചു. തുടർന്ന് ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ജൂനിയർ ടീം അംഗം അദ്ധീന മറിയം സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ വായിച്ചു. വൈകിട്ട് നാല് മുതൽ ജില്ലയിലെ വിവിധ സ്കൂളുകൾ, എസ് പി സി, എൻ സി സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മേളയിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഉൾപ്പെടുന്ന വിവിധ ജില്ലകളുടെ ടീമുകളുടെ മാർച്ച്‌ പാസ്റ്റ് നടന്നു. സഞ്ജു സാംസൺ, കീർത്തി സുരേഷ് എന്നിവരുടെ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ജി സ്റ്റീഫൻ, സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, എം വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എ ആർ സുപ്രിയ, എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, മുൻ കായികതാരങ്ങളായ കെ എം ബീനാമോൾ, പത്മിനി തോമസ്, കെ സി ലേഖ തുടങ്ങിയവർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ 7 ദിനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories