മുസ്തഫിസുര്‍ റഹ്മാന്‍ വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ ഇന്ത്യൻ കായിക ഉൽപ്പന്ന നിർമ്മാതാക്കളായ എസ്.ജി (SG). ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ്, യാസിർ റബ്ബി, മൊമിനുൾ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് നിലവിൽ ബാറ്റിൽ എസ്.ജി (SG) സ്പോൺസർ ചെയ്യുന്നത്. അതേസമയം കരാർ പുതുക്കുന്നില്ലെന്ന തീരുമാനം ക്രിക്കറ്റ് താരങ്ങളെ ഔദ്യോഗികമായി കമ്പനി അറിയിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിൽ വരും ദിവസങ്ങളില്‍ എസ് ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. മറ്റ് നിർമ്മാതാക്കളും ഇതേ പാത പിന്തുടർന്നാൽ ബംഗ്ലാദേശ് കായിക മേഖലയെ പ്രതികൂലമായി ബാധിച്ചേക്കാം.
advertisement
ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കായിക പരമായ തർക്കങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ മുസ്തഫിസുറിന് ഐ.പി.എല്ലിൽ കളിക്കുന്നതിനായുള്ള എൻ.ഒ.സി നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിസമ്മതിക്കുകയും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 7-ന് ആരംഭിക്കുന്ന 2026-ലെ ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2026-ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുന്ന കാര്യത്തിൽ ഐ.സി.സി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ ടൂർണമെന്റിലെ ഗ്രൂപ്പ് സിയിലാണ് ബംഗ്ളാദേശ് ടീം. ഫെബ്രുവരി 7, 9, 14 തീയതികളിൽ കൊൽക്കത്തയിൽ വെച്ച് വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർക്കെതിരെയും, ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് നേപ്പാളിനെതിരെയുമാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ.
