കോവിഡ് കാരണം നിരവധി കായികമേളകളും മാറ്റിവെച്ചിരുന്നു. ടി20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്ട്രേലിയയിലാണ് ഇത് നടത്താനിരുന്നത്. ക്രിക്കറ്റിൽ ടോപ്പിലുള്ള പത്ത് രാജ്യങ്ങള്‍ക്ക് പുറമെ സ്കോട്ട്ലൻഡ്, അയർലൻഡ്, പാപുവ ഗിനിയ, ഒമാൻ, നമീബിയ, നെതർലൻഡ് എന്നീ രാജ്യങ്ങളും യോഗ്യത നേടിയിരുന്നു. എന്നാല്‍ മത്സരം മാറ്റിയതോടെ ക്രിക്കറ്റ് താരങ്ങളടക്കം പലരെയും ഇത് ബാധിച്ചു.
ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതിനാല്‍ ജീവിക്കാനായി ഡെലിവെറി ബോയി ആയിരിക്കുകയാണ് നെതര്‍ലന്‍ഡിലെ യുവ ക്രിക്കറ്റര്‍. നെതർലൻഡ് ബൗളർ പൗൾ വാൻ മീക്കിരനാണ് ഊബർ ഈറ്റ്സ് ഡെലിവറിബോയി ആയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
advertisement
കൊറോണ കാരണം ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഇന്നാണ് ഫൈനല്‍ നടക്കേണ്ടിയിരുന്നത് എന്ന കുറിപ്പോടെ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പങ്കുവെച്ച ട്വീറ്റിന് താഴെയാണ് നെതര്‍ലന്‍ഡ്സ് താരമായ പോള്‍ വാന്‍ തന്റെ അവസ്ഥ റീട്വീറ്റ് ചെയ്തത്.
”ഇന്ന് ക്രിക്കറ്റ് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ ഈ ശൈത്യകാലത്ത് ഞാന്‍ ജീവിക്കാനായി ഊബര്‍ ഈറ്റ്സ് വിതരണം ചെയ്യുകയാണ്. കാര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക.”താരം കുറിച്ചു.
ഫാസ്റ്റ് ബൗളറായ പോള്‍ വാന്‍ മാകീരന്‍ 5 ഏകദിനങ്ങളിലും 41 ട്വന്റി 20യിലും നെതര്‍ലന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്. എന്തായാലും താരത്തിന്‍റ ട്വീറ്റ് ചര്‍ച്ചയായിരിക്കുകയാണ്. വമ്പന്മാരെ ഐസിസി പരിഗണിക്കുന്നതു പോലെ അസോസിയേറ്റ് രാജ്യങ്ങളിലെ കളിക്കാരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
