ഐഒസി അംഗവും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത എം അംബാനി വിളക്ക് കൊളുത്തിയാണ് ഇന്ത്യാ ഹൗസിന് തുടക്കം കുറിച്ചത്. ഐഒസി അംഗമായ സെർ മിയാങ് എൻജി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫ്, ജയ് ഷാ (ക്രിക്കറ്റ് ഇന്ത്യ), ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യാ ഹൗസിലേക്ക് സ്വാഗതം എന്ന് ചടങ്ങിൽ സംസാരിച്ച നിത അംബാനി പറഞ്ഞു. 2024-ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ ഇന്ന് ഞങ്ങൾ ഇവിടെ ഒത്തുകൂടുന്നത് ഒരു സ്വപ്നത്തിലേക്കുള്ള വാതിലുകൾ തുറക്കാനാണ്, അത് 140 കോടിവരുന്ന ഇന്ത്യക്കാരുടെ സ്വപ്നമാണ്. ഒളിമ്പിക്‌സ് ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ഞങ്ങളുടെ സ്വപ്നമാണ്. ഇന്ത്യ ഹൗസ്, ഇന്ത്യയുടെ സാധ്യതയിലേക്കുള്ള വഴിത്തിരിവാണ്. ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ലെന്നും നിത അംബാനി പറഞ്ഞു.
advertisement
“ഇന്ത്യ ഹൗസ് ഇന്ത്യയുടെ ഒളിമ്പിക് അഭിലാഷങ്ങളുടെ പ്രതീകമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ അത്‌ലറ്റുകൾക്ക് വീടിന് പുറത്തുള്ള ഒരു വീടായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അവരെ ആദരിക്കാനും അവരുടെ നേട്ടങ്ങൾ ആഘോഷിക്കാനുമുള്ള ഇടമാണ്. ഇന്ത്യാ ഹൗസ് ഒരു ലക്ഷ്യസ്ഥാനമല്ല, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ തുടക്കമാണ്''. പാരീസിലെ എല്ലാവർക്കും ഊഷ്‌മളമായ ക്ഷണം നീട്ടിക്കൊണ്ട് നിത അംബാനി പറഞ്ഞു, “ഇന്ത്യ ഹൗസിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. പാരീസിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ സൗന്ദര്യവും വൈവിധ്യവും സമ്പന്നമായ പൈതൃകവും ലോകം അനുഭവിക്കണം.''- നിത അംബാനി കൂട്ടിച്ചേർത്തു.
ഇന്ത്യാ ഹൗസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രമുഖ ബോളിവുഡ് ഗായകൻ ഷാൻ സദസ്സിലുണ്ടായിരുന്നു. ജനപ്രിയ ബോളിവുഡ് ട്രാക്കുകളുമായി അദ്ദേഹം അവിടെ കൂടിയവരെ ആവേശം കൊള്ളിച്ചു. ഇന്ത്യൻ പരമ്പരാഗത കായിക വിനോദമായ മല്ലകാംബിന്റെ പ്രദർശനവും സംഘടിപ്പിച്ചു. മുംബൈയിൽ നിന്നുള്ള ഭിന്നശേഷിക്കാരാ കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.
ഇന്ത്യാ ഹൗസിൽ നിത മുകേഷ് അംബാനി കള്‍ച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ദിവസവും അരങ്ങേറും. പാനൽ ചർച്ചകൾ, മെഡൽ നേട്ടങ്ങളുടെ ആഘോഷം എന്നിവയും ഇന്ത്യാ ഹൗസിൽ നടക്കും.