ഇംഗ്ലണ്ട് നേടിയ 823 റൺസ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നാലാമത്തെ സ്കോറാണ്. 322 പന്തിൽ 29 ഫോറും മൂന്നു സിക്സും സഹിതം 317 റൺസെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങളുടെ ആറാമത്തെ ട്രിപ്പിൾ സെഞ്ചറിയും ഈ നൂറ്റാണ്ടിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറിയുമാണ്. ഏറ്റവും വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചുറിയുമാണ് ബ്രൂക്കിന്റേത്. 310 പന്തിലാണ് ബ്രൂക്ക് ട്രിപ്പിൾ സെഞ്ചുറി നേടിയത്. 287 പന്തുകളിൽ 300 അടിച്ച ഇന്ത്യയുടെ വിരേന്ദർ സേവാഗാണ് അതിവേഗ ട്രിപ്പിള്‍ സെഞ്ചുറിയിൽ ആദ്യ സ്ഥാനത്ത്.
advertisement
പാകിസ്ഥാനെതിരെ പിറക്കുന്ന അഞ്ചാമത്തെ ട്രിപ്പിൾ സെഞ്ചറിയുമാണിത്.
ജോ റൂട്ട് 375 പന്തിൽ 17 ഫോറുകളോടെ 262 റൺസുമെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 454 റൺസ് , ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയർന്ന നാലാമാത്തെ കൂട്ടുകെട്ടാണ്. ഇവർക്കു പുറമേ അർധസെഞ്ചുറി നേടിയ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.
ആറു പതിറ്റാണ്ടിലധികമായി പാകിസ്ഥാൻ മണ്ണിൽ ഇംഗ്ലിഷ് താരങ്ങൾക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവാണ് ഒരു ട്രിപ്പിൾ സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയും സഹിതം അവർ തീർത്തത്. 245 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതം ഇരട്ടെസെഞ്ചുറിയിലെത്തിയ ബ്രൂക്, 310 പന്തിൽ 28 ഫോറും മൂന്നു സിക്സും സഹിതമാണ് ട്രിപ്പിൾ സെഞ്ചുറിയിലെത്തിയത്.
റൂട്ട് 305 പന്തിൽ 14 ഫോറുകളോടെയാണ് ഇരട്ടസെഞ്ചുറിയിലെത്തിയത്. ഇതിനു മുൻപ് 1962ലാണ് ഒരു ഇംഗ്ലിഷ് താരം പാക്ക് മണ്ണിൽ ഇരട്ടസെഞ്ചുറി നേടിയത്. ടെഡ് ഡെക്സ്റ്റർ അന്ന് കറാച്ചിയിൽ 205 റൺസാണെടുത്തത്.
ടെസ്റ്റിൽ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തിൽ രണ്ട് ഇംഗ്ലിഷ് താരങ്ങൾ ഇരട്ടസെഞ്ചുറി നേടുന്നത്. 1985ൽ ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിൽ മൈക്ക് ഗാറ്റിങ് (207), ഗ്രെയിം ഫ്ലവർ (201) എന്നിവരാണ് ഇതിനു മുൻപ് ഇരട്ടസെഞ്ചറി നേടിയത്.
ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി. വ്യക്തിഗത സ്കോർ 71ൽ എത്തിയപ്പോഴാണ് 12,472 റൺസ് നേടിയ കുക്കിന്റെ റെക്കോർഡ് റൂട്ട് മറികടന്നത്.
ഏറ്റവും വേഗമേറിയ ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി ( നേരിട്ട പന്തുകൾ):
278 - വീരേന്ദർ സെവാഗ് vs ദക്ഷിണാഫ്രിക്ക, 2008
310- ഹാരി ബ്രൂക്ക് vs പാകിസ്ഥാൻ, 2024
355 - വാലി ഹാമണ്ട് vs ന്യൂസീലൻഡ്, 1933
362 - മാത്യു ഹെയ്ഡൻ vs സിംബാബ്വെ , 2003
364 - വീരേന്ദർ സെവാഗ് vs പാകിസ്ഥാൻ, 2004
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടുകൾ:
454 -ഹാരി ബ്രൂക്ക്/ജോ റൂട്ട് v പാകിസ്ഥാൻ 2024 ഒക്ടോബർ 10-ന് മുൾട്ടാനിൽ
449 -ഷോൺ മാർഷ്/ആദം വോജസ് v വെസ്റ്റ് ഇൻഡീസ് ഹോബാർട്ടിൽ 2015
437 -മഹേല ജയവർധനെ/തിലൻ സമരവീര v പാകിസ്ഥാൻ കറാച്ചിയിൽ 2009