യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ 7-ാം സ്ഥാനത്ത് എത്തിയത്. 589 പോയിന്റ് നേടിയ ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10.
പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.
advertisement
ബോക്സിങ്ങിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. ജൂനിയർ ലോക ചാമ്പ്യയായ നോർവേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ 5-0ന് തോൽപ്പിച്ചാണ് ലവ്‌ലിനയുടെ ക്വാർട്ടർ പ്രവേശം. ഒരു മത്സരം കൂടി ജയിച്ചാൽ ലവ്‌ലിനയ്ക്ക് പാരിസിൽ ഇന്ത്യയ്‌ക്കായി ഒരു മെഡൽ ഉറപ്പിക്കാം.
ആർച്ചറിയിൽ വനിതാ വ്യക്തിഗത എലിമിനേഷൻ റൗണ്ടിൽ ദീപിക കുമാരി രണ്ടാം റൗണ്ടിലേക്കു മുന്നേറി. വാശിയേറിയ പോരാട്ടത്തിൽ എസ്തോണിയൻ താരം റീന പർനാത്തിനെ ഷൂട്ട് ഓഫിൽ പിന്തള്ളിയാണ് ദീപിക കുമാരിയുടെ മുന്നേറ്റം.
ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ സിംഗപ്പുർ താരം സെങ് ജിയാനെ വീഴ്ത്തി ഇന്ത്യയുടെ ശ്രീജ അകുല പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ 4–2നാണ് ശ്രീജയുടെ വിജയം. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷമായിരുന്നു ശ്രീജയുടെ തിരിച്ചുവരവ്. ഇതേയിനത്തിൽ മനിക ബത്രയും പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.