കാല്‍ നൂറ്റാണ്ടോളം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന താരത്തിന് ചുറ്റും കറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് പ്രതിഭയുള്ള പുതുതാരങ്ങളെല്ലാം രണ്ടാം സച്ചിന്‍മാരായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് 2013 നവംബര്‍ 16ന്. മുംബൈയില്‍ ഹാരിസ് ഷീല്‍ഡ് സ്‌കൂള്‍ ടൂര്‍ണമെന്റില്‍ പൃഥ്വി ഷാ 546 റണ്‍സ് നേടിയത് കൃത്യം നാലു ദിവസത്തിന് ശേഷം. പിന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റ മത്സരങ്ങളിലെല്ലാം പൃഥ്വി സെഞ്ചുറി നേടിയപ്പോഴും എല്ലാവരും ഉറപ്പിച്ചു ഇത് അടുത്ത സച്ചിന്‍ തന്നെ. സച്ചിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം, സച്ചിനോട് പൃഥ്വിയ്ക്ക് ആരാധനയുമുണ്ടാകാം പക്ഷെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി തുടങ്ങിയ പൃഥ്വിയെ അയാളുടെ സ്വാഭാവിക രീതിയിലേക്ക് വിടുക. സച്ചിന്‍ ടെന്‍ഡുല്‍ക്കറായി സച്ചിന്‍ മാത്രം. ഇനി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടത് അതിലും മികച്ച താരങ്ങളെയാണ്.
advertisement
സുനില്‍ഗാവസ്‌കറുടെ വിരമിക്കലിന് ശേഷം ഒരു ബാറ്റിങ് താരത്തെ കാത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.. 1988ന്റെ തുടക്കത്തിലാണ് സ്‌കൂള്‍ ടൂര്‍ണമെന്റില്‍ പുറത്താകാതെ 326 റണ്‍സ് നേടി സച്ചിന്‍ അത്ഭുതബാലനായത്. സുനില്‍ ഗാവസ്‌കര്‍ തന്നെ നേരിട്ടെത്തി പുതിയ പാഡ് സമ്മാനിച്ചത് അന്ന് സെലക്ടര്‍മാര്‍ക്കടക്കം നല്‍കിയ സന്ദേശം ചെറുതായിരുന്നില്ല.അധികം വൈകാതെ 1988 അവസാനം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ബോംബെയ്ക്ക് വേണ്ടി രഞ്ജി മത്സരത്തില്‍ പാഡ് കെട്ടി. നൂറടിച്ചുള്ള തുടക്കം പിന്നെ ദുലീപ് ട്രോഫിയിലും ദേവ്ധര്‍ ട്രോഫിയിലും തുടര്‍ന്നു. കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും 1989 ഡിസംബറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടെസ്റ്റ് താരമായി. സച്ചിന്റെ പ്രതിഭയ്ക്കപ്പുറം അതിനകം കിട്ടിയ താരപരിവേഷത്തിനും ബോംബെയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വാധീനത്തിനുമപ്പുറം മറ്റു ചിലത് കൂടിയാണ് സച്ചിനെ പെട്ടെന്ന് ഇന്ത്യൻ ടീമിലെത്തിച്ചത്. 1989ല്‍ ദിലീപ് വെങ്‌സര്‍ക്കാറുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പോയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. അതേ വര്‍ഷം തന്നെ പാകിസ്ഥാനിലേക്കുള്ള പര്യടനത്തിന് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പോയ വെങ്‌സര്‍ക്കാര്‍, അരുണ്‍ലാല്‍, ഡബ്‌ള്യൂ വി രാമന്‍ എന്നിവരടക്കം പലരും പുറത്തായി. ബാറ്റിങ് നിരയില്‍ ഉണ്ടായ ഈ വലിയ വിടവാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപ്പോലെ ഒരു പയ്യനെ പരീക്ഷിക്കാനുളള ധൈര്യം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയത്. കിട്ടിയ അവസരം നന്നായി ഉപയോഗിച്ചും തന്റെ പ്രതിഭയുടെ തെളിച്ചം കെടാതെ സൂക്ഷിച്ചതും സച്ചിനെ ലോകോത്തര താരമാക്കി.
'മിന്നും താരമായി പൃഥ്വി'; അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി പതിനെട്ടുകാരന്‍
. ഇതിനിടെ ഇന്ത്യന്‍ എ ടീമിന് വേണ്ടി രാജ്യത്തിനകത്തും പുറത്തും മിന്നുന്ന പ്രകടനങ്ങള്‍ ഇങ്ങനെ അര്‍ഹതയുടെ മികച്ച സ്‌കോറുമായാണ് പൃഥ്വിക്ക് കടന്നുവരാനായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാള്‍ കൂടുതല്‍ നാള്‍ എടുത്ത് കഴിവു തെളിയിച്ച് സച്ചിന്‍ ആദ്യമായി കളിച്ച ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ച ടീമില്‍ അംഗമായാണ് പൃഥ്വി അരങ്ങേറ്റ സെഞ്ചുറി അനായാസം നേടിയത്.
ഇതിനപ്പുറം ക്രീസിലെ കൂസലില്ലായ്മക്കും കരളുറപ്പിനും ഉള്ള അംഗീകാരമായാണ് അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്ത് തന്നെ നേരിടാനുള്ള അവസരം പൃഥിക്ക് കിട്ടിയത്. 1959-60 കാലത്ത് 20 വയസുകാരനായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബുധി കുന്ദേരനെ പിന്നിലാക്കി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ആദ്യ പന്ത് നേരിട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി ഈ മുംബൈക്കാരന്‍.
നാലാം വയസില്‍ അമ്മയെ നഷ്ടമായ കുഞ്ഞു പൃഥ്വിയുടെ ഏറ്റവും വലിയ കൂട്ടുകാരന്‍ അച്ഛന്‍ പങ്കജ് ഷായാണ്. ഏകമകനായ പൃഥ്വിയുടെ ക്രിക്കറ്റിന് കൂട്ടാകാന്‍ സ്വന്തം ജോലി പോലും ഉപേക്ഷിച്ച് കൂടെ കൂടിയ ചെറിയ വരുമാനക്കാരനായിരുന്ന പങ്കജിന് ഇന്ന് അഭിമാന ദിനമായിരിക്കും. സ്വന്തം നേട്ടങ്ങളുടെ കൂമ്പാരം കൂട്ടുന്നതിനൊപ്പം അത് ടീമിന് വേണ്ടിയാകണമെന്നും ടീമിനെ ജയിപ്പിക്കുന്നതാകണമെന്നും ഉപദേശിക്കുന്ന പങ്കജിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമാകട്ടെ ക്രിക്കറ്റ് ഭൂമിയിലെ പൃഥ്വിയുടെ പ്രയാണം.
(ന്യൂസ് 18 കേരളം എഡിറ്ററാണ് ലേഖകൻ)