കഴിഞ്ഞ വർഷത്തെ ഫൈനലിൻ്റെ തനിയാവർത്തനമായ മത്സരത്തിലെ ഫലം പക്ഷേ തിരിച്ചായിരുന്നു. ബയേൺ ആയിരുന്നു ഫൈനലിൽ ജയിച്ച് കിരീടം ചൂടിയത്. അന്നത്തെ തോൽവിക്ക് പകരംവീട്ടാനിറങ്ങിയ പിഎസ്‌ജി മൂന്നാം മിനിറ്റിൽ തന്നെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പേയിലൂടെ മുന്നിലെത്തി. താരത്തിൻ്റെ വലം കാൽ കൊണ്ടുള്ള ഗോൾ ലക്ഷ്യം വച്ചുള്ള ശക്തമായ ഷോട്ട് ബയേൺ ഗോൾകീപ്പർ ന്യുയറുടെ കൈകളിൽ നിന്നും വഴുതിയാണ് ഗോൾ ആയത്.
28ാം മിനുട്ടിൽ മാർക്വീഞ്ഞോസ് പിഎസ്‌ജിയുടെ ലീഡുയർത്തി. നെയ്മറുടെ മികച്ച ഒരു ക്രോസിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. ആദ്യത്തെ ഗോളിനും വഴിയൊരുക്കിയത് നെയ്മറായിരുന്നു.
advertisement
രണ്ട് ഗോളിന് പിന്നിലായിട്ടും ബയേൺ വിടാൻ ഒരുക്കമായിരുന്നില്ല. തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന അവർക്ക് മത്സരത്തിൻ്റെ 38ാം മിനുട്ടിൽ അതിനുള്ള ഫലം കിട്ടി. പരുക്കേറ്റ് പുറത്തായ റോബർട്ട് ലെവൻഡോവ്സ്കിക്ക് പകരക്കാരനായി ഇറങ്ങിയ എറിക് മാക്സിം ചൗപ്പോ മോട്ടിംഗ് ആയിരുന്നു ഗോൾ നേടിയത്.
പിന്നീട് 60ാം മിനുട്ടിൽ ജോഷ്വ കുമ്മിച്ചിൻ്റെ ഫ്രീകിക്കിന് തല വച്ച് കൊടുത്ത മുള്ളർ ജർമൻ ക്ലബ്ബിനെ മത്സരത്തിൽ തിരികെയെത്തിച്ചു. നേരത്തെ രണ്ടാം ഗോൾ നേടിയ ശേഷം കളം വിട്ട പിഎസ്ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസിൻ്റെ അഭാവം ബയേൺ താരങ്ങൾ ശരിക്കും ഉപയോഗിക്കുകയായിരുന്നു. എന്നാൽ 68ാം മിനിട്ടിലെ എംബാപ്പേയുടെ രണ്ടാം ഗോൾ വന്നതോടെ മത്സരത്തിന്‍റെ വിധി പൂർണ്ണമായി.
31 തവണയാണ് ബയേൺ എതിർവല ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. എന്നിട്ടും അവർക്ക് മത്സരം ജയിക്കാനായില്ല. ചാമ്പ്യൻസ് ലീഗിൽ രണ്ട് വർഷത്തിനിടെ ഇത് അവരുടെ ആദ്യത്തെ തോൽവിയായിരുന്നു. ബയേൺ കോച്ചായ ഹൻസി ഫ്ലിക്കിന് ചാമ്പ്യൻസ് ലീഗിൽ തോൽവി അറിയാതെ 16 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ തോൽവി കൂടിയായി ഈ മത്സരം.
പ്രതിരോധത്തിൽ വരുത്തിയ പാളിച്ചകൾ കൂടിയാണ് ബയേണിൻ്റെ തോൽവിയിൽ കാരണമായത്. മറുവശത്ത്, പിഎസ്ജിയാവട്ടെ വെറും ആറു തവണയാണ് ഗോളിലേക്ക് ഷോട്ട് ഉത്തിർത്തത്. അതിൽ മൂന്നും ലക്ഷ്യം കണ്ടു. പന്തവകാശത്തിലും പാസിങ്ങിലും ബയേൺ തന്നെയായിരുന്നു മുന്നിൽ. എന്നാല്‍ അവരുടെ സ്റ്റാർ സ്ട്രൈക്കർ പോളിഷ് താരം ലെവന്‍ ഡോവ്സ്‌കിയുടെ അഭാവം ഫിനിഷിംഗില്‍ പ്രകടമായിരുന്നു. ഗോളെന്നുറച്ച അനേകം അവസരങ്ങൾ ആണ് ബയേൺ താരങ്ങൾ പാഴാക്കിയത്.
ബയേൺ മ്യുനിക്കിൻ്റെ ഹോം ഗ്രൗണ്ടിൽ മൂന്ന് ഗോളുകൾ നേടാനായത് പിഎസ്ജിക്ക് രണ്ടാം പാദത്തിന് ഇറങ്ങുമ്പോൾ ആത്മവിശ്വാസം നൽകും. പക്ഷേ ബയേൺ പോലൊരു ടീമിനെ നിസ്സാരമായി കാണാനാവില്ല എന്ന് അവർക്ക് വ്യക്തമായി അറിയാം. ഏപ്രിൽ 14ന് നടക്കുന്ന രണ്ടാം പാദ മൽസരം കടുകട്ടിയാവുമെന്ന് ഉറപ്പാണ്.
English Summary: French Striker Kiliyan Embappe shines with a double, PSG registered a thrilling win over Bayern Munich
