204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പിബികെഎസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടേണ്ടി വന്നു, പ്രഭ്‌സിമ്രാൻ സിംഗിനെയും പ്രിയാൻഷ് ആര്യയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. ജോഷ് ഇംഗ്ലിസ് മിന്നുന്ന പ്രത്യാക്രമണത്തിലൂടെ കുറച്ചു നേരം പിടിച്ചുനിന്നു, ജസ്പ്രീത് ബുംറയെ ഒരു ഓവറിൽ 20 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ അദ്ദേഹം പുറത്തായതോടെ കാര്യങ്ങൾ മുംബൈയ്ക്ക് അനുകൂലമായി മാറി. എന്നാൽ പക്വതയോടെ ബാറ്റേന്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ കളി വീണ്ടും പഞ്ചാബിന്റെ വരുതിയിലാക്കി. മധ്യ ഓവറുകളിൽ നേഹൽ വധേരയെ കൂട്ടുപിടിച്ച് 84 റൺസിന്റെ നിർണായകമായ ഒരു കൂട്ടുകെട്ട് തീർത്തു. വധേര വമ്പനടികൾക്ക് ശ്രമിച്ചപ്പോൾ അയ്യർ ഒരറ്റത്ത് നിന്ന് സ്ഥിരതയോടെ ബാറ്റ് ചെയ്തു. വധേരയും ശശാങ്ക് സിംഗും പുറത്തായതിനു ശേഷവും ഉറച്ച് നിന്ന അയ്യർ ഒരു ഓവർ ബാക്കി നിൽക്കെ പിബികെഎസിനെ വിജയത്തിലേക്ക് നയിച്ചു.
advertisement
2020-ൽ ഡൽഹി ക്യാപിറ്റൽസ്, 2024-ൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഇപ്പോൾ 2025-ൽ പഞ്ചാബ് കിംഗ്‌സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം അയ്യർ കളിക്കുന്ന മൂന്നാമത്തെ ഐപിഎൽ ഫൈനലാണിത്.
മുംബൈയുടെ ആദ്യ ബാറ്റിംഗ് ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും 203ന് 6 എന്ന മികച്ച സ്കോറിലേക്കെത്താൻ മുംബൈയ്ക്ക് കഴിഞ്ഞു. രോഹിത് ശർമ്മ വെറും 4 റൺസിന് പുറത്തായതോടെ ഇന്നിംഗ്സ് തകർച്ചയോടെയാണ് ആരംഭിച്ചത്.ജോണി ബെയർസ്റ്റോ (38), തിലക് വർമ്മ (44) എന്നിവർ ആറ് ഓവറിൽ 51 റൺസ് നേടിയതോടെ ഇന്നിംഗ്‌സ് സ്ഥിരത കൈവരിച്ചു ക്യാപ്റ്റൻ സൂര്യകമാർ യാദവ് 26 പന്തിൽ നിന്ന് 44 റൺസ് നേടി. മൂന്നാം വിക്കറ്റിൽ തിലകും സൂര്യകുമാറും ചേർന്നുള്ള കൂട്ടുകെട്ട് 72 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈയുടെ ഇന്നിംഗ്സിൽ നിർണായകമായത്.