ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അർധസെഞ്ച്വറി നേടി മേഘാലയ താരം ആകാശ് കുമാർ ചൗധരി. 25 വയസ്സുകാരനായ ആകാശ് വെറും 11 പന്തിൽ 50 റൺസ് നേടിയാണ് ചരിത്രമെഴുതിയത്. ഞായറാഴ്ച സൂറത്തിൽ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെയായിരുന്നു ആകാശിന്റെ വെടിക്കെട്ട്. 2012ൽ എസെക്സിനെതിരെ ലെസ്റ്റർഷെയറിനായി 12 പന്തിൽ നിന്ന് അർധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ൻ നൈറ്റ് സ്ഥാപിച്ച റെക്കോർഡാണ് ആകാശ് തകർത്തത്. ഫസ്റ്റ് ക്ലാസ് ചരിത്രത്തിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയ മൂന്നാമത്തെ ക്രിക്കറ്റ് കളിക്കാരനെന്ന നേട്ടവും ആകാശ് സ്വന്തമാക്കി. രവി ശാസ്ത്രി, ഗാരി സോബേഴ്സ് എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
advertisement
മേഘാലയയുടെ പ്ലേറ്റ് ഗ്രൂപ്പ് രഞ്ജി ട്രോഫി മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ സൂറത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം ദിവസമാണ് ചൗധരി ഈ നേട്ടം കൈവരിച്ചത് . അരുണാചലിന്റെ ഇടംകൈയ്യൻ സ്പിന്നർ ലിമർ ഡാബി എറിഞ്ഞ 126-ാം ഓവർഓവറിലാണ് ആറ് സിക്‌സറുകൾ ആകാശ് നേടിയത്. തുടർച്ചയായ എട്ടു പന്തുകൾ സിക്സർ പറത്തിയാണ് 48 റൺസും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി എട്ടു സിക്സറുകൾ പറത്തുന്ന ആദ്യ താരവുമായി ആകാശ്. എട്ടാം നമ്പറിൽ ഇറങ്ങിയ ചൗധരി ഒരു ഡോട്ടും രണ്ട് സിംഗിളുകളുമായി തുടങ്ങിയതിനുശേഷം അടുത്ത എട്ട് പന്തുകളിൽ സിക്സറുകൾ പറത്തുകയായിരുന്നു.പിന്നീട് മൂന്നു പന്തുകൾ കൂടി നേരിട്ടെങ്കിലും റണ്‍സൊന്നും എടുക്കാനായില്ല.
30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 14.37 എന്ന ശരാശരിയിൽ 503 റൺസാണ് ആകാശ് ചൗധരി നേടിയിട്ടുള്ളത്. രണ്ട് അർദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019 ഡിസംബറിൽ നാഗാലാൻഡിനെതിരെയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം
വിക്കറ്റ് കീപ്പർ അർപിത് ഭട്ടേവാരയുടെ ഇരട്ട സെഞ്ച്വറി, അജയ് ദുഹാൻ, ചൗധരി എന്നിവരുടെ അർദ്ധ സെഞ്ച്വറി, ക്യാപ്റ്റൻ കിഷൻ ലിങ്ദോ, രാഹുൽ ദലാൽ എന്നിവരുടെ സെഞ്ച്വറി എന്നിവയുടെ മികവിൽ മേഘാലയ 628/6 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ടിഎൻആർ മോഹിത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ അരുണാചൽ വെറും 73 റൺസിന് പുറത്തായി, ആര്യൻ ബോറ നാല് വിക്കറ്റ് വീഴ്ത്തി.
