ക്വാറന്റീനിലായതിനാൽ 24ന് ആരംഭിക്കുന്ന ലെസസ്റ്റര്‍ഷെയറിനെതിരായ ചതുര്‍ദിന പരിശീലന മത്സര൦ അശ്വിന് നഷ്ടമാകും. എന്നാൽ, ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണിൽ വെച്ച് നടക്കുന്ന ടെസ്റ്റിന് മുൻപ് തന്നെ അശ്വിന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലെ കോവിഡ് വ്യാപനം മൂലം മാറ്റിവെക്കേണ്ടി വന്ന മത്സരമാണ് ഇപ്പോൾ നടത്തുന്നത്. പരമ്പരയിലെ നാല് മത്സരങ്ങളിലും അശ്വിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ അതിന് ശേഷം മികച്ച പ്രകടനങ്ങൾ നടത്തിയ താരത്തിന് ഇത്തവണ പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
advertisement
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനായി ഇന്ത്യൻ ടീം മൂന്ന് നാല് സംഘങ്ങളായാണ് എത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ പിന്നീടാണ് ചേർന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര അവസാനിച്ചതിന് പുറകെ ഇന്ത്യയുടെ പരിശീലകനായ രാഹുൽ ദ്രാവിഡ്, ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ച ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇംഗ്ലണ്ടിൽ എത്തി. ഇംഗ്ലണ്ടിൽ എത്തിയ താരങ്ങൾ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കീഴിൽ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.
കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കേണ്ടിയിരുന്ന മത്സരം ടീമിലെ കോവിഡ് വ്യാപനം മൂലം ഇന്ത്യക്ക് ടീമിനെ ഇറക്കാൻ കഴിയാതെ വന്നത് മൂലമാണ് മാറ്റിവെച്ചത്. കോവിഡ് കേസുകളിൽ കുറവ് വന്നതിനാൽ ഇത്തവണ ബയോ ബബിൾ നിയന്ത്രങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയുടെ അവസാന മത്സരത്തിൽ സമനില കൊണ്ട് പോലും പരമ്പര സ്വന്തമാക്കാം. എന്നാൽ, ബെൻ സ്റ്റോക്സിന്റെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തകർപ്പൻ ഫോമിലാണെന്നുള്ളത് ഇന്ത്യക്ക് വെല്ലുവിളി നൽകുന്നു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയമാണ് ഇംഗ്ലണ്ട് നേടിയത്.
ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി മൂന്ന് മത്സരം ഏകദിന-ടി20 പരമ്പരകളും കളിക്കും. ജൂലൈ ഏഴിനാകും ടി20 പരമ്പര ആരംഭിക്കുക. ഏകദിന മത്സരങ്ങളുടെ തീയതികൾ നിശ്ചയിച്ചിട്ടില്ലെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം ജൂലൈ 12 നാകും ഏകദിന പരമ്പര ആരംഭിക്കുക.