ഇന്ത്യയും ദക്ഷിണാഫ്രിക്കയും (IND vs SA) തമ്മിലുള്ള ടി20 പരമ്പരയിലെ മഴ മൂലം കളിയുപേക്ഷിച്ച അഞ്ചാം ടി20ക്കിടെ (Fifth T20I) ഗ്രൗണ്ട് സ്റ്റാഫിനോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെതിരെ (Ruturaj Gaikwad) രൂക്ഷ വിമർശനവുമായി ആരാധകർ. മഴ കളിമുടക്കിയ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ബാറ്റിങ്ങിന് തയാറായി ടീം ഡഗ്ഔട്ടിൽ ഇരിക്കുന്നതിനിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് ഗെയ്ക്‌വാദിനെതിരെ ആരാധകർ തിരിയാൻ കാരണമായത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സര൦, മഴ മൂലം ഏകദേശം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മഴ പെയ്തതോടെ മത്സരം 19 ഓവർ ആക്കി ചുരുക്കിയിരുന്നു. മഴ മാറി ബാറ്റിങ്ങിന് ഇറങ്ങാൻ തയാറായി ഇന്ത്യൻ താരങ്ങൾ ടീം ഡഗൗട്ടിൽ ഇരിക്കുന്നതിനിടെ, ഗെയ്ക്‌വാദ് ഇരുന്നിരുന്ന സീറ്റിന് തൊട്ടടുത്ത് വന്നിരുന്ന സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് സെൽഫി എടുക്കാൻ അനുവാദം ചോദിച്ച് വന്നു. എന്നാൽ ഇയാളെ ഗെയ്ക്‌വാദ് കൈകൊണ്ട് തള്ളിമാറ്റുകയും നീങ്ങിയിരിക്കൂ എന്ന തരത്തിൽ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഗ്രൗണ്ട് സ്റ്റാഫിനെ പൂർണമായി അവഗണിച്ച് സഹതാരങ്ങളുമായി ഇടപഴകുകയാണ് ഗെയ്ക്‌വാദ് ചെയ്യുന്നത്. 15 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ ആരാധകർ രംഗത്ത് വരികയായിരുന്നു.
മോശം പെരുമാറ്റത്തിന്റെ പേരിൽ ഒട്ടേറെപ്പേർ യുവ താരത്തെ വിമർശിച്ചപ്പോൾ ചിലർ താരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമായി. കോവിഡ് നിയന്ത്രണങ്ങളും ബയോബബ്ളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ ഗെയ്ക്‌വാദിന്റെ നടപടിയെ പിന്തുണച്ചത്.
അതേസമയം, മഴ കളി മുടക്കിയതിനെ തുടർന്ന് ഓവറുകൾ നഷ്ടമായതോടെ മത്സരം ഉപേക്ഷിക്കുകയാണുണ്ടായത്. മത്സരം ഉപേക്ഷിച്ചതോടെ 2-2 എന്ന നിലയിൽ പരമ്പര സമനിലയായതോടെ പരമ്പര ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യയും ദക്ഷിണാഫ്രിക്കയും കൂടി പങ്കിട്ടു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.