14 -ാം ഓവറിലെ അവസാന പന്തിലാണ് സന ഫാത്തിമയെ പുറത്താക്കിയത്. മലയാളി ലെഗ് സ്പിന്നര്‍, ആശ ശോഭന എറിഞ്ഞ 14-ാം ഓവറിലായിരുന്നു സംഭവം. അവസാനത്തെ പന്തിൽ ആശയെ സ്ലോഗ് സ്വീപ്പ് ചെയ്യാനാണ് പാക് ക്യാപ്റ്റനായ സന ഫാത്തിമ ശ്രമിച്ചത്. എന്നാൽ, സനയുടെ ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജില്‍ തട്ടിയ പന്ത് റിച്ച വലത്തോട്ട് ചാടി വലതുകയ്യിൽ പിടിച്ചെടുക്കുകയായിരുന്നു.
റിച്ച ഘോഷിൻ്റെ അതിശയകരമായ ക്യാച്ചിനെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്. ഇത് പരുന്തിനെ ചാടിപിടിക്കുന്ന പുള്ളിപ്പുലിയെ പോലെയുള്ള ക്യാച്ചാണെന്നാണ് പഞ്ചാബ് കിങ്സ് എക്സിൽ കുറിച്ചത്. ഈ ക്യാച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
വനിതാ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയവും സ്വന്തമായി. പാകിസ്താനെ ആറു വിക്കറ്റിനായിരുന്നു തകർത്തത്. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസാണ് നേടിയത്. 18.5 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. മലയാളി താരം സജന സജീവനാണ് വിജയറൺ നേടിയത്.