കടുത്ത പോരാട്ടമാണ് സക്കാരിയയ്ക്ക് മുന്നിൽ 38 കാരിയായ സെറീന പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ സെറീനയുടെ മുന്നേറ്റം ഉണ്ടാകുമോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ. എന്നാൽ അനുഭവ സമ്പത്തും ആക്രമണ ശൈലിയും പുറത്തെടുത്ത് കരിയറിലെ 53ാം ഗ്രാന്റ്സ്ലാം ക്വാർട്ടർ ഫൈനലിൽ സെറീന പ്രവേശിച്ചു.
ആദ്യ സെറ്റിൽ 6-3 ന് നിഷ്പ്രയാസം മുന്നിലെത്തിയ സെറീനയ്ക്ക് പക്ഷേ രണ്ടാം സെറ്റിൽ നന്നായി വിയർക്കേണ്ടി വന്നു. രണ്ടാം സെറ്റ് ടൈ ബ്രേക്കിലേക്ക് നീണ്ടതോടെ മത്സരം കനത്തു. ടൈബ്രേക്കിൽ ജയിച്ച് സക്കാരി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിന്റെ ആദ്യം സക്കാരി മുൻതൂക്കം നേടിയെങ്കിലും മത്സരം സെറീന തന്നെ പിടിച്ചെടുത്തു.
രണ്ടാഴ്ച്ച മുമ്പ് നടന്ന വെസ്റ്റേൺ ആന്റ് സതേൺ ഓപ്പണിൽ സക്കാരിയോട് ഏറ്റ പരാജയത്തിന് കൂടി സെറീന ഇതോടെ കണക്ക് വീട്ടി. സക്കാരി മികച്ച പ്രകടനമാണ് നടത്തിയതെന്നും ആക്രമണ സ്വഭാവത്തോടെയുള്ള സക്കാരിയുടെ കളിയിൽ അതേ രീതിയിൽ തന്നെ തിരിച്ചും എതിരേണ്ടി വന്നതായും സെറീന പറഞ്ഞു.
ക്വാർട്ടറിൽ സീഡ് ചെയ്യപ്പെടാത്ത താരം സെറ്റ്വേന പിരങ്കോവയാണ് സെറീനയുടെ എതിരാളി. കഴിഞ്ഞ മത്സരങ്ങളിൽ അട്ടിമറി വിജയം നേടി ക്വാർട്ടറിൽ എത്തിയ സെറ്റ്വേനയ്ക്ക് സെറീനയുമായി മറ്റൊരു സമാനത കൂടിയുണ്ട്. അമ്മയായ ശേഷം വീണ്ടും ടെന്നീസ് കോർട്ടിൽ സജീവമാകുന്ന താരമാണ് സെറ്റ്വേന. നാളെയാണ് ക്വർട്ടർ ഫൈനൽ പോരാട്ടം.
ഗ്രാൻഡ് സ്ലാം ചരിത്രത്തിൽ ആദ്യമായി മൂന്ന് അമ്മമാർ ക്വാർട്ടർ ഫൈനലിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വിക്ടോറിയ അസരങ്കെയാണ് ക്വാർട്ടറിൽ എത്തിയ മറ്റൊരു താരം. 2016 ന് ശേഷം ആദ്യമായാണ് അസരങ്കെ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.