രണ്ട് അമ്മമാർ പോരടിച്ചപ്പോൾ വിട്ടു കൊടുക്കാൻ ആരും ഒരുക്കമായിരുന്നില്ല. വിജയത്തിൽ കുറഞ്ഞതൊന്നും വിക്ടോറിയ അസരെങ്കെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ ഓരോ ചുവടുകളും. സീഡ് ചെയ്യപ്പെടാത്ത താരമായാണ് അസരെങ്കെ ടൂർണമെന്റിൽ എത്തിയത്.
2012, 2013 വർഷങ്ങളിൽ നടന്ന യുഎസ് ഓപ്പണിൽ സെറീനയ്ക്ക് നേരെ ഏറ്റമുട്ടിയപ്പോൾ തോൽവിയേറ്റു വാങ്ങിയ അസരെങ്കെ ഇത്തവണ സെറീനയുടെ റെക്കോർഡ് സ്വപ്നം തന്നെ തകർത്ത് പകരം വീട്ടി.
ആദ്യ സെറ്റ് 1-6 ന് നിഷ്പ്രയാസം നേടിയ സെറീനയ്ക്ക് രണ്ടാം സെറ്റിൽ പക്ഷേ, അസരെങ്കെ പിടികൊടുത്തില്ല. 6-3 സെറ്റ് അസരെങ്കെ സ്വന്തമാക്കി. മൂന്നാം സെറ്റിലും ഇതു തന്നെ ആവർത്തിച്ചു.
ഏഴ് വർഷത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയ അസരെങ്കെ ഗ്രാന്റ് സ്ലാം സെമി ഫൈനലിൽ എത്തുന്നത്. ഫൈനലിലും വിജയത്തിൽ കുറഞ്ഞതൊന്നും ഈ മുപ്പത്തിയൊന്നു കാരി പ്രതീക്ഷിക്കുന്നില്ല.
മത്സരത്തിലെ ഓരോ ഘട്ടത്തിലും മുന്നിട്ടു നിന്നത് സെറീന തന്നെയാണ്. രണ്ട് എയ്സുകൾ അസരെങ്കെ പായിച്ചപ്പോൾ ആറ് എയ്സുകളാണ് സെറീനയുടെ റാക്കറ്റിൽ നിന്നും പിറന്നത്. അസരെങ്കെ അഞ്ച് ഡബിൾഫോൾട്ടുകൾ വരുത്തിയപ്പോൾ മൂന്നെണ്ണത്തിൽ ചുരുക്കാൻ സെറീനയ്ക്ക് സാധിച്ചു.
എങ്കിലും അസരെങ്കെയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ 24ാം ഗ്രാന്റ് സ്ലാം കിരീട നേട്ടമെന്ന റെക്കോർഡ് സ്വപ്നം സെറീനയ്ക്ക് അടിയറവ് വെക്കേണ്ടി വന്നു.
ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ജപ്പാന‍് താരം നവോമി ഒസാകയാണ് അസരെങ്കെയുടെ എതിരാളി. ഫ്ലഷിങ് മെഡോസ് സ്റ്റേഡിയത്തിലാണ് മത്സരം.
യുഎസ് ഓപ്പണിൽ തുടർച്ചയായി രണ്ടാം വർഷവും സിംഗിൾസ്, ഡബിൾസ് ഫൈനലിൽ അമ്മമാർ എത്തുന്നു എന്നതും ചരിത്രമാണ്. വനിതകളുടെ ഡബിൾസിൽ വേര സ്വനരേവയാണ് ഫൈനലിൽ എത്തിയത്.