കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയോട് 9 റൺസിന്റെ തോൽവി വഴങ്ങിയതിന് ശേഷം ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഓസ്ടേലിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ,ശ്രീലങ്ക എന്നിവരുള്ള ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു അത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ട് വിജയവും രണ്ട് തോൽവിയുമായി ഇന്ത്യ ഗ്രൂപ്പ് എ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണാണ്. കളിച്ച നാല് കളികളിലും ജയിച്ച ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ സെമിഫൈനൽ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു. പോയിന്‍റ് പട്ടികയിൽ ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ നാലാം സ്ഥാനത്തുമാണ്.ശ്രീലങ്കയാണ് ഗ്രൂപ് എ പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.
advertisement
ഈ സാഹചര്യത്തിലാണ് ന്യൂസിലൻഡ്- പാകിസ്ഥാൻ മത്സരം ഇന്ത്യക്ക് നിർണായകമാകുന്നത്. മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകും. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിനും 4 പോയിന്റാണുള്ളത്. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലൻഡ് മേൽ ഇന്ത്യ രണ്ടാം സ്ഥാനത്തായത്. ന്യൂസിലൻഡ്-പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ പാകിസ്ഥാനും 4 പോയിന്റാകും. മൂന്ന് ടീമുകൾക്കും ഒരേ പോയിന്‍റ് വരുമ്പോൾ നെറ്റ് റൺ റേറ്റിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് അനായാസം സെമി പ്രവേശനം സാധ്യമാകും. അതേസമയം ന്യൂസിലൻഡ് ആണ് ജയിക്കുന്നതെങ്കിൽ പോയിന്‍റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് അവർ സെമിയിലേക്ക് കടക്കും. നെറ്റ് റൺ റേറ്റിൽ എറെ പിന്നിൽ നിൽക്കുന്ന പാകിസ്ഥാൻ വൻ മാർജിനിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ചെങ്കിൽ മാത്രമെ സെമി പ്രതീക്ഷയ്ക്ക് വകയുംള്ളു.