ക്രിക്കറ്റിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന സംഭവം ആദ്യമായിട്ടല്ലെങ്കിലും ഔട്ട് ആവാതിരിക്കാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റ് അടിച്ചുതെറിപ്പിച്ച് ബാറ്റർ പുറത്താവുന്നത് അപൂർവം സംഭവിക്കുന്ന ഒന്നാണ്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും (SL vs WI) തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് ധനഞ്ജയയുടെ ഈ നിർഭാഗ്യകരമായ പുറത്താകൽ.
പരമ്പരയിൽ ഗാളിൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 92ാ൦ ഓവറിലായിരുന്നു സംഭവം. 94 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത് നന്നായി ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പിഴവ് സംഭവിച്ചത്. വിൻഡീസ് താരം ഷാനൺ ഗബ്രിയേൽ എറിഞ്ഞ ഓവറിലെ നാലാം പന്ത് ധനഞ്ജയ പ്രതിരോധിച്ചു. എന്നാൽ ബാറ്റിൽ തട്ടിയ ശേഷം കുത്തി പുറകിലേക്ക് പോയ പന്ത് സ്റ്റമ്പിൽ കൊള്ളാതിരിക്കാൻ വേണ്ടി ശ്രീലങ്കൻ താരം പന്തിന്റെ ഗതി മാറ്റാൻ നോക്കി. ആദ്യത്തെ തവണ വീശിയപ്പോൾ പന്തിൽ കൊള്ളാതെ വന്നതോടെ വീണ്ടും താരം പന്ത് തട്ടിമാറ്റാൻ നോക്കി. എന്നാൽ നിർഭാഗ്യകരമെന്ന് പറയാവുന്ന പോലെ താരത്തിന്റെ അടി പന്തിൽ കൊള്ളുന്നതിനൊപ്പം ബെയിൽസിലും കൊള്ളുകയായിരുന്നു. ഇതോടെ താരം ഹിറ്റ് വിക്കറ്റ് ആയി പുറത്താവുകയായിരുന്നു. അധികം വൈകാതെ തന്നെ ഇതിന്റെ വീഡിയോ വൈറലായി മാറുകയായിരുന്നു.
advertisement
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ കരുണരത്നെയുടെ സെഞ്ചുറിയുടെയും(147), പാതും നിസങ്ക(56), ധനഞ്ജയ ഡിസില്‍വ(61), ദിനേശ് ചണ്ഡിമല്‍(45) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ ഒന്നാം ഇന്നിംഗ്സില്‍ 386 റണ്‍സെടുത്തു. വിന്‍ഡീസിനായി ബൗളിങ്ങിൽ റൂസ്റ്റൺ ചേസ് 83 റണ്‍സിന് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജോമല്‍ വാറിക്കാന്‍ മൂന്നും ഷാനോണ്‍ ഗബ്രിയേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് രണ്ടാം ദിനം അവസാനിക്കുമ്പോൾ 86 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിടുകയാണ്. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ലങ്കക്കായി പ്രവീണ്‍ ജയവിക്രമയും രമേഷ് മെന്‍ഡിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.