ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശ്രേയസ് അയ്യർ ഫോണിൽ തനിക്ക് മറുപടി നൽകുന്നുണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ ചൊവ്വാഴ്ച വാർത്താ സമ്മളനത്തിൽ പറഞ്ഞു.
advertisement
അലക്‌സ് കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.സ്കാനിംഗില്‍ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. നിലവിൽ ശ്രേയസിനെ ഐസിയുവിൽ നിന്ന് മാറ്റിയിട്ടുണ്ട്.
രണ്ട് ദിവസമായി ഞങ്ങൾ ശ്രേയസുമായി ബന്ധപ്പെടുന്നുണ്ട്. അദ്ദേഹം മറുപടി നൽകുന്നുണ്ട്. ഫോണിൽ മറുപടി നൽകാൻ കഴിയുന്നുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികമാണ് എന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും സൂര്യകുമാർ പറഞ്ഞു.എന്നിരുന്നാലും, ശ്രേയസിനെ കുറച്ചു ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കുമെന്ന് സൂര്യ കൂട്ടിച്ചേർത്തു.ശ്രേയസിന്റെ പരിക്ക് സാധാരണമാണെന്ന് ടീം ആദ്യം കരുതിയെങ്കിലും ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോഴാണ് അതിന്റെ തീവ്രത മനസ്സിലായതെന്ന് സൂര്യ വെളിപ്പെടുത്തി. ബിസിസിഐ പൂർണ്ണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
