കൂടുതൽ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശമായും 2.5 ലക്ഷം രൂപ മകളുടെ പരിചരണത്തിനുമായും അനുവദിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.
advertisement
ഈ തുക ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്ന് ഹസിൻ ജഹാൻ വാദിച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. അതേസമയം ആദ്യം അനുവദിച്ച ജീവനാംശം മോശമല്ലെന്നായിരുന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചത്
2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്ക് അവരുടെ ആരോപണങ്ങൾ നയിച്ചു. എന്നാൽ വർഷങ്ങളായി, വിവാദത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് ഷമി വിട്ടുനിൽക്കുകയാണ്.
ഹസിൻ ജഹാനെ വിവാഹം കഴിച്ചതിൽ ഖേദിക്കുന്നുണ്ടോ എന്ന് മുൻപ് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ഭൂതകാലത്തെക്കുറിച്ച് ഓർത്ത് ഒരിക്കലും ഖേദിക്കുന്നില്ലെന്നും തന്നെയടക്കം ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഷമിയുടെ മറുപടി.
