ഐപിഎല്ലിന് മുമ്പ് പ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും കളിച്ചിട്ടില്ലാത്ത സുയാഷ് ട്രയല്‍സില്‍ പുറത്തെടുത്ത മികവ് കണ്ടാണ് കൊല്‍ക്കത്ത ഇത്തവണ ടീമിലെടുത്തത്. ഡല്‍ഹി സ്വദേശിയായ സുയാഷിനെ ആദ്യമായി കാണുന്നതുപോലും പരിശീലന ക്യാംപിലാണെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ മത്സരശേഷം പറഞ്ഞിരുന്നു. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും അടങ്ങുന്ന കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്‍ നിരയിലേക്ക് എത്തിയ പുതിയ താരമാണ് സുയാഷ്.
Also Read- ‘എന്തിനാണ് അശ്വിനെ ഓപ്പണറാക്കിയത്?’ നായകൻ സഞ്ജു സാംസൺ വിശദീകരിക്കുന്നു
advertisement
ഇന്നലെ ആര്‍സിബിക്കെതിരെ നാലോവര്‍ പന്തെറിഞ്ഞ സുയാഷ് 30 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, കാണ്‍ ശര്‍മ എന്നിവരാണ് സുയാഷിന്‍റെ മിസ്റ്ററി സ്പിന്നിന് മുന്നില്‍ വീണത്. തന്‍റെ രണ്ടാം ഓവറില്‍ അനുജ് റാവത്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും പുറത്താക്കിയാണ് സുയാഷ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തില്‍ 89-5ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ശാര്‍ദൂല്‍ ഠാക്കൂറും (29 പന്തില്‍ 68), റിങ്കു സിംഗും(33 പന്തില്‍ 46) ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.
ആരാണ് സുയാഷ് ശർമ?
ഡൽഹിയിൽ നിന്നാണ് താരത്തിന്റെ വരവ്. ദേശീയ തലസ്ഥാനത്ത് ക്ലബ് മത്സരങ്ങൾ കളിച്ചാണ് രംഗത്ത് വന്നത്. ട്രയൽസിലെ മികവാണ് കൊൽക്കത്ത മാനേജ്മെന്റിന്റെ കണ്ണിൽപ്പെട്ടത്. തുടർന്ന് ഈ സീസണിലേക്ക് കരാറില്‍ ഒപ്പിട്ടു. സൂയാഷിന് വേണ്ടി ലേലം വിളിച്ച ഒരേ ഒരു ടീമും കൊൽക്കത്തയാണ്. 20 ലക്ഷം രൂപയ്ക്കാണ് മിസ്റ്ററി സ്പിന്നലെ കൊൽക്കത്ത സ്വന്തമാക്കിയത്. ഡൽഹി അണ്ടർ 25- ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും പ്രധാന മത്സരങ്ങളിലൊന്നും സൂയാഷ് കളിച്ചിട്ടില്ല എന്നതാണ് രസകരം.
Also Read- ആറു വർഷത്തിന് ശേഷം ഫിഫ റാങ്കിങ്ങില്‍ ഒന്നാമതായി അർജന്റീന; മൂന്നാമതായി ബ്രസീൽ
ഇന്നലത്തെ പ്രകടനത്തിൽ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ് സന്തോഷവാനാണ്. ”ട്രയൽസിൽ അവനെ കണ്ടിട്ടുണ്ട്. വായുവിൽ വേഗത്തിൽ വരുന്ന പന്തുകൾ പിക്ക് ചെയ്യുക ബാറ്ററെ സംബന്ധിച്ച് പ്രയാസകരമാണ്. വേണ്ടത്ര അനുഭവ പരിചയമില്ലെങ്കിലും പോരാട്ടവീര്യം കാട്ടി”- മത്സരശേഷം പരിശീലകൻ പറഞ്ഞു.
“സുയാഷ് ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണ്, അയാൾക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ട്. അവസരങ്ങൾ ഉപയോഗപ്പെടുത്തി അവൻ അങ്ങനെ പന്തെറിയുന്നത് കാണാൻ വളരെ സന്തോഷമുണ്ട്”- കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് റാണ പറഞ്ഞു.