സൽമാൻ നിസാറും (49 പന്തിൽ പുറത്താകാതെ 99) രോഹൻ കുന്നുമ്മലും (48 പന്തിൽ 87) ആണ് കേരളത്തിനുവേണ്ടി തകർത്തടിച്ചത്. നാലു വിക്കറ്റെടുത്ത എം ഡി നിധീഷിന്റെ നേതൃത്വത്തിൽ ബൗളർമാരും അവസരത്തിനൊത്തുയർന്നപ്പോൾ മുംബൈക്കെതിരെ ആധികാരിക വിജയം നേടുകയായിരുന്നു.
ഓപ്പണറായിറങ്ങിയ സഞ്ജു സാംസൺ 4 പന്തിൽ 4 റൺസെടുത്ത് പുറത്തായി. ശാർദുൽ ഠാക്കൂറിന്റെ പന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു. മൂന്നാമനായെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും (8 പന്തിൽ 13) വേഗത്തിൽ മടങ്ങി. സച്ചിൻ ബേബി 4 പന്തിൽ ഏഴു റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് പിന്മാറിയത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ, ഇതിന്പിന്നാലെ കേരളത്തിനുവേണ്ടി തകർപ്പൻ കൂട്ടുകെട്ട് പിറവിയെടുക്കുകയായിരുന്നു.
advertisement
സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും മുംബൈ ബൗളിങ്ങിനെ തലങ്ങും വിലങ്ങും പായിച്ചു. സൽമാൻ നിസാർ 5 ഫോറും 8 പടുകൂറ്റൻ സിക്സും അടിച്ചുകൂട്ടിയപ്പോള്‍ രോഹന്റെ ബാറ്റിൽനിന്ന് 5 ഫോറും 7 സിക്സും പിറവിയെടുത്തു. ശാർദൂലിന്റെ നാലോവറിൽ 69 റൺസാണ് കേരള ബാറ്റർമാര്‍ നേടിയത്. ഓവറിൽ ശരാശരി 17.25 റൺസ്.
17.1 ഓവറിൽ സ്കോർ 180ലെത്തിയപ്പോൾ രോഹൻ വീണു. മോഹിത് അവസ്തിയുടെ പന്തിൽ തനുഷ് കോട്ടിയാന് ക്യാച്ച്. പിന്നീടെത്തിയ വിഷ്ണു വിനോദ് നേരിട്ട ആദ്യപന്ത് സിക്സർ പറത്തിയശേഷം അടുത്ത പന്തിൽ അവസ്തിക്ക് വിക്കറ്റ് സമ്മാനിച്ചു. ഇക്കുറി രഹാനെയാണ് ക്യാച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ പൃഥി ഷായും അംക്രിഷ് രഘുവംശിയും ചേർന്ന് മുംബൈക്ക് മോശമല്ലാത്ത തുടക്കം നൽകിയിരുന്നു. ടീം സ്കോർ 31ൽ നിൽക്കെ നാലാം ഓവറിലെ രണ്ടാം പന്തിൽ എം ഡി നിധീഷിന്റെ ഇരയായി ഷാ മടങ്ങി. 13 പന്തിൽ രണ്ടു വീതും ഫോറും സിക്സുമടക്കം 23 റൺസെടുത്ത മുൻ ഇന്ത്യൻ താരത്തെ അജിനാസാണ് കൈകളിലൊതുക്കിയത്. 15 പന്തിൽ 16 റൺസെടുത്ത രഘുവംശിയെയും നിധീഷ് പുറത്താക്കി. ഇക്കുറി ബാസിതിനായിരുന്നു ക്യാച്ച്.
തുടർന്ന് ശ്രേയസ് അയ്യരും രഹാനെയും ചേർന്ന പരിചയസമ്പന്ന ജോടിയിൽ മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, മികച്ച തുടക്കം കിട്ടി മുന്നേറുകയായിരുന്ന അയ്യരെ ബാസിത് തിരിച്ചയച്ചു. 18 പന്തിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 32 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം. ഷംസ് മുലാനിയും (അഞ്ച്) സൂര്യാംശ് ഷെഡ്ജെയും (ഒമ്പത്) എളുപ്പം പുറത്തായെങ്കിലും മറുവശത്ത് ആഞ്ഞടിച്ച രഹാനെ കേരളത്തിന് ഭീഷണി ഉയർത്തി.
35 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 68 റൺസിലെത്തിയ രഹാനെയെ 18-ാം ഓവറിലെ ആദ്യപന്തിൽ വിനോദ് കുമാറിന്റെ പന്തിൽ അജിനാസ് പിടികൂടിയതോടെ കേരളം വിജയത്തിലേക്ക് ചുവടുവച്ചു. സൽമാൻ നിസാറാണ് പ്ലെയർ ഓഫ് ദ മാച്ച്.