തുടര്‍ച്ചയായി അഞ്ചു ഇന്നിങ്സുകളിലാണ് ബ്രോഡിനു വിക്കറ്റ് വീഴ്ത്താനാവാതെ പോയത്. 2021 ജനുവരി 14നു ശ്രീലങ്കയ്ക്കെതിരേ നടന്ന ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളെടുത്ത ശേഷം താരത്തിനു വിക്കറ്റ് വരള്‍ച്ചയായിരുന്നു. ഇന്ത്യയില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ ബ്രോഡ് കളിച്ചുള്ളൂവെങ്കിലും വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടന്ന ടെസ്റ്റുകളിലായിരുന്നു ഇംഗ്ലണ്ട് താരം കളിച്ചത്. ഇന്ത്യക്കെതിരെ കളിച്ച ഈ രണ്ടു ടെസ്റ്റുകളിലായി 26 ഓവറുകളാണ് ബ്രോഡ് എറിഞ്ഞിരുന്നത്.
advertisement
ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ബ്രോഡിനൊപ്പം പന്തെറിയാന്‍ ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള ജെയിംസ് ആന്‍ഡേഴ്‌സണ്‍, അരങ്ങേറ്റ താരമായ റോബിന്‍സണ്‍ എന്നിവരാണുള്ളത്. ഇതില്‍ ബാക്കി രണ്ട് പേര്‍ക്കും വിക്കറ്റ് ലഭിച്ചപ്പോഴും ബ്രോഡിന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്സില്‍ 27 ഓവറുകള്‍ ബൗള്‍ ചെയ്തിട്ടും ഒരു വിക്കറ്റ് പോലും താരത്തിന് ലഭിച്ചില്ല.
എന്നാല്‍ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന്, ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു താരത്തിന് ആശ്വാസം പകര്‍ന്ന നിമിഷം പിറന്നത്. 36 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു ടോം ലാതമിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് അദ്ദേഹം അഞ്ച് മാസത്തിന് ഇടയിലെ തന്റെ ആദ്യ വിക്കറ്റ് നേടിയത്. ലാതമിനെതിരെ പന്ത് എറിയാന്‍ എത്തിയ ബ്രോഡ് വിക്കറ്റില്‍ നിന്നും പുറത്തേക്ക് പന്തുകളാണ് എറിഞ്ഞത്. വീണ്ടും അതേ പന്ത് തന്നെ എറിയും എന്ന പ്രതീക്ഷയില്‍ അടുത്ത പന്ത് കളിക്കാന്‍ ശ്രമിച്ച ലാതമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് ഉള്ളിലേക്ക് വരുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കാല്‍ വച്ച് കളിച്ച താരത്തിന്റെ പാഡില്‍ തട്ടിയ പന്തിനു അപ്പീല്‍ ചെയ്ത ബ്രോഡിന് അനുകൂലമായ വിധിയാണ് അമ്പയര്‍ നല്‍കിയത്. അമ്പയറുടെ തീരുമാനം പരിശോധിക്കാന്‍ ലാതം ഡിആര്‍എസിന്റെ സഹായം തേടി. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ബ്രോഡിനു ആശ്വാസമായത്. വിക്കറ്റില്ലതെ 81 ഓവറുകള്‍ എറിഞ്ഞ താരത്തിന്റെ 82ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഈ വിക്കറ്റ്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ വലിയ ലീഡ് നേടിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റിനു 169 റണ്‍സ് നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത അവര്‍ ഇംഗ്ലണ്ടിന് മുന്നില്‍ 273 റണ്‍സിന്റെ വിജയലക്ഷ്യം വച്ച് നീട്ടിയിരിക്കുകയാണ്. അവസാന ദിനമായ ഇന്ന് മത്സരം സമനിലയില്‍ തന്നെയാകും അവസാനിക്കുക. മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ ന്യൂസിലന്‍ഡിന് വിജയം നേടാം. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എടുത്തിട്ടുണ്ട്. ജയിക്കാനായി ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റും ഇംഗ്ലണ്ടിന് 206 റണ്‍സും വേണം. 34 ഓവറുകള്‍ ആണ് മത്സരത്തില്‍ ബാക്കിയുള്ളത്.