ഫൈനലിൽ എതിരാളി ജപ്പാൻ താരം നവോമി ഒസാകയാണ്. വിട്ടുകൊടുക്കാൻ ഒസാകയും ഒരുക്കമല്ല. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല. മുൻ ലോക ഒന്നാം നമ്പർ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കും?
മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്. യുഎസ് ഓപ്പണിന് തൊട്ടുമുമ്പ് നടന്ന വെസ്റ്റേൺ സതേൺ ടൂർണമെന്റിൽ ഇരുവരും ഏറ്റുമുട്ടേണ്ടതായിരുന്നു. എന്നാൽ, പരിക്കിനെ തുടർന്ന് ഒസാക പിൻവാങ്ങിയതോടെ അന്നത് നടന്നില്ല. പൂർത്തിയാക്കാതെ പോയ പോരാട്ടം ഒരിക്കൽ കൂടി തുടങ്ങാനൊരുങ്ങുകയാണ് ഇരുവരും.
ഗ്രാൻഡ് സ്ലാം കിരീട നേട്ടം മാത്രമല്ല, ഈ യുഎസ് ഓപ്പണിൽ ഇരുവരും ലക്ഷ്യമിടുന്നത്. വംശവെറിക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വേദി. വംശവെറിക്ക് ഇരയായവരുടെ പേരെഴുതിയ ഏഴ് മാസ്കുകളുമായാണ് ഒസാക മത്സരത്തിനെത്തിയത്. ഓരോ മത്സരത്തിലും ഓരോ മാസ്ക് വീതം ഒസാക ധരിച്ചു. അവസാനത്തേതും ഏഴാമത്തേതുമായ മാസ്കും ധരിച്ചാകും ജപ്പാൻ-അമേരിക്കൻ വംശജ ഫൈനലിൽ എത്തുക.
അമ്മമാർക്ക് പ്രചോദനമാകുക എന്ന ലക്ഷ്യവുമായാണ് അസരെങ്കെ എത്തിയിരിക്കുന്നത്. അമ്മയായതോടെ അവസാനിപ്പിക്കാനുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളുമെന്ന് തന്റെ പോരാട്ടത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് താരം പറയുന്നു.
ഇതിന് മുമ്പ് മൂന്ന് തവണ അസരെങ്കെ-ഒസാക പോരാട്ടം നടന്നിട്ടുണ്ട്. ഇതിൽ രണ്ട് തവണ വിജയം ഒസാകയ്ക്കൊപ്പമായിരുന്നു. ഒരു വട്ടം അസരെങ്കെ വിജയിച്ചു.
റിട്ടേണുകളാണ് അസരെങ്കെയുടെ കരുത്ത്. റാക്കറ്റിൽ നിന്നും പുറപ്പെടുന്ന കൂറ്റൻ റിട്ടേണുകളിൽ എതിരാളികൾ നിസ്സഹായരാകുന്നത് ഇതിനു മുമ്പും കണ്ടിട്ടുണ്ട്. കോർട്ടിൽ നിറഞ്ഞാടി അതിവേഗതയിലുള്ള ചലനങ്ങളാണ് അസരെങ്കെയ്ക്ക് പ്ലസ് പോയിന്റാണ്.