രസകരമായ ഒരു പരിശീലന സെഷനിലാണ് ഇന്ത്യൻ താരങ്ങൾ ഏർപ്പെട്ടത്. ഫുട്ബോളും വോളിബോളും ചേർന്നുള്ള കളിയായ 'ഫുട്‍വോളി' ആയിരുന്നു ഇന്ത്യൻ താരങ്ങളുടെ പരിശീലന സെഷനിലെ മുഖ്യ ആകർഷണം. ട്വിറ്ററിൽ ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യൻ സംഘം മുഴുവൻ ഈ പരിശീലന സെഷൻ ആഘോഷകരമാക്കുന്നതാണ് കാണാൻ കഴിയുക.
രസകരമായ വീഡിയോയാണ് ബിസിസിഐ പങ്കുവച്ചിരിക്കുന്നത്. രണ്ട് ടീമുകളായി തിരിഞ്ഞ് വിവിധ തരം കളികളില്‍ ഏര്‍പ്പെടുന്ന ഇന്ത്യൻ താരങ്ങളെ വീഡിയോയില്‍ കാണാം. ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ഏകദിന ടി20 ക്യാപ്റ്റൻ രോഹിത് ശർമ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ശ്രദ്ധകേന്ദ്രങ്ങൾ.
advertisement
പരിശീലകനായിരുന്നിട്ട് കൂടി ഇന്ത്യൻ താരങ്ങളോടൊപ്പം മത്സരങ്ങളിൽ പങ്കെടുക്കുകയായിരുന്നു ദ്രാവിഡ്. സംഘങ്ങളായി തിരിഞ്ഞ് പോരാടിയ ദ്രാവിഡും കോഹ്‌ലിയും ആവേശകരമായ മത്സരത്തിനിടയിൽ സൗഹൃദ നിമിഷങ്ങൾ പങ്കിടുന്നതും കാണാം. ദ്രാവിഡും കോഹ്‌ലിയും തമ്മിൽ വിയോജിപ്പുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് ബിസിസിഐയുടെ വീഡിയോയിൽ പരിശീലന സെഷനിൽ ഇരുവരു൦ പ്രകടിപ്പിക്കുന്ന സൗഹൃദം ഏറെ ശ്രദ്ധ നേടുന്നു. ഇതിന് പുറമെ ക്യാപ്റ്റൻസി മാറ്റം ടീമിൽ ഭിന്നിപ്പ് സൃഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും ഉത്തമമായ മറുപടി നൽകുന്നതാണ് ഈ വീഡിയോ. ആവേശത്തോടെ പരസ്പരം പോരാടുന്നതിനിടെ പരാതി പറഞ്ഞു കൊണ്ട് മുന്നോട്ട് വരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും മത്സരത്തിനിടയിൽ അക്കിടി പറ്റിയതിൽ ചിരിക്കുന്ന രോഹിത് ശർമയേയും വിഡിയോയിൽ കാണാം.
പരിമിത ഓവർ ക്യാപ്റ്റൻസി മാറ്റവും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും കോഹ്‌ലിയുടെയും തുടർന്നുള്ള അഭിപ്രായപ്രകടനങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും പുകയുന്നതിനിടെയാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.
ഡിസംബര്‍ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാകുന്നത്. മൂന്ന് വീതം മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഒമിക്രോൺ പ്രതിസന്ധി മൂലം ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു.
ടെസ്റ്റ് പരമ്പരയിലൂടെയാകും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തുടക്കമാവുക. ഡിസംബർ 26 നാകും ആദ്യ ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Also read- IND vs SA |പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന് കീഴില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അവയെല്ലാം തള്ളിക്കൊണ്ട് താന്‍ കളത്തിലുണ്ടാകുമെന്ന് കോഹ്ലി തന്നെ സ്ഥിരീകരണം നൽകിയിരുന്നു. ടി20യിൽ നിന്നും നേരത്തെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്ന കോഹ്ലി ഇന്ത്യയെ തുടർന്ന് ടെസ്റ്റുകളിൽ മാത്രമായിരിക്കും നയിക്കുക.