എന്താണ് ടെസ്റ്റിക്കുലാർ ടോർഷൻ?
വൃഷണങ്ങളിലേക്ക് രക്തമെത്തിക്കുന്ന സ്പെർമാറ്റിക് കോഡ് പിണഞ്ഞുപോകുന്ന അവസ്ഥയാണിത്. ഇത്തരത്തിൽ കോഡ് പിണയുന്നതോടെ വൃഷണത്തിലേക്കുള്ള രക്തയോട്ടം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും.
ഇതൊരു 'മെഡിക്കൽ എമർജൻസി' അഥവാ അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ലക്ഷണങ്ങൾ കണ്ട് ആറു മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനഃസ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് വൃഷണത്തിന്റെ പ്രവർത്തനത്തെ സ്ഥിരമായി ബാധിക്കാൻ സാധ്യതയുണ്ട്.
പ്രധാന ലക്ഷണങ്ങൾ
- വൃഷണത്തിലുണ്ടാകുന്ന പെട്ടെന്നുള്ളതും കഠിനവുമായ വേദന.
- വൃഷണസഞ്ചിയിൽ കാണപ്പെടുന്ന നീർവീക്കം അല്ലെങ്കിൽ ചുവപ്പ് നിറം.
- ശക്തമായ വയറുവേദന.
- ഓക്കാനം, ഛർദ്ദി എന്നിവ.
advertisement
ചികിത്സയും ജാഗ്രതയും
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരുകാരണവശാലും വേദന സംഹാരികൾ കഴിച്ച് വീട്ടിലിരിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ പിണഞ്ഞ സ്പെർമാറ്റിക് കോഡ് പൂർവസ്ഥിതിയിലാക്കുകയാണ് ഏക പോംവഴി.
സമയം വൈകുന്നത് അനുസരിച്ച് അപകടസാധ്യത വർധിക്കും. 6 മുതൽ 12 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ രക്തയോട്ടം നിലച്ച് വൃഷണം നശിച്ചുപോകാനും, അത് നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിച്ചേക്കാം.
സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കും?
എത്ര വേഗത്തിൽ ചികിത്സ നൽകി എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിൽ നിന്നുള്ള മുക്തി. സാധാരണഗതിയിൽ പ്രാഥമികമായി സുഖം പ്രാപിക്കാൻ 1 മുതൽ 2 ആഴ്ച വരെ സമയമെടുക്കും. ഈ സമയത്ത് വേദനയും വീക്കവും ക്രമേണ കുറയും. പൂർണമായ സുഖം പ്രാപിക്കുന്നതിനായി 3 മുതൽ 4 ആഴ്ച വരെ കഠിനമായ വ്യായാമങ്ങൾ, ഭാരം ഉയർത്തൽ, സ്പോർട്സ് എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.
രക്തയോട്ടം പുനഃസ്ഥാപിക്കാനായി ശസ്ത്രക്രിയ കൃത്യസമയത്ത് നടത്തിയാൽ പൂർണാരോഗ്യം വീണ്ടെടുക്കാം. എങ്കിലും, ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമം ആവശ്യമായതിനാൽ ഫെബ്രുവരി 7-ന് തുടങ്ങുന്ന ലോകകപ്പിൽ തിലക് വർമ്മയ്ക്ക് പങ്കെടുക്കാൻ കഴിയുമോ എന്നത് സംശയമാണ്.
ഇക്കാര്യത്തിൽ ബിസിസിഐ (BCCI) ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതിനാൽ, ലോകകപ്പ് ടീമിൽ അദ്ദേഹം തുടരുമോ എന്ന കാര്യം വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
