ഏറ്റവും പുതിയ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനെ കെകെആർ സ്വന്തമാക്കിയത്. ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റായ റഹ്‌മാൻ മുമ്പ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുണ്ട്. കൂടാതെ 257 അന്താരാഷ്ട്ര മത്സരങ്ങളിൽ ബംഗ്ലാദേശിലെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരേ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ ഇടംകൈയ്യൻ പേസറായ റഹ്‌മാനെ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഉൾപ്പെടുത്തിയതിനെ എതിർത്ത് ബിജെപി നേതാവ് സംഗീത് സോമാണ് ആദ്യം രംഗത്തെത്തിയത്. മീററ്റിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഷാരൂഖ് ഖാനെ 'രാജ്യദ്രോഹി' എന്ന് എന്ന് വിളിച്ച മുൻ നിയമസഭാംഗം കൂടിയായ അദ്ദേഹം ഐപിഎല്ലിൽ നിന്ന് എല്ലാ ബംഗ്ലാദേശി കളിക്കാരെയും വിലക്കണമെന്നും ആവശ്യപ്പെട്ടു. സോമിന് പിന്നാലെ ഹിന്ദു ആത്മീയ നേതാവ് ജഗദ്ഗുരു രാംഭദ്രാചാര്യയും ഷാരൂഖ് ഖാനെ 'രാജ്യദ്രോഹി'യെന്ന് വിളിച്ചു.
advertisement
ബംഗ്ലാദേശ് കളിക്കാരെ ഐപിഎൽ കളിക്കാൻ അനുവദിക്കുന്നതിനെതിരേ സോഷ്യൽ മീഡിയയിൽ #boycottKKR, #boycottIPL തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആണ്. അതേസമയം, കെകെആറോ ബിസിസിഐയോ ഐപിഎൽ അധികൃതരോ വിവാദത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകൾ നടത്തിയിട്ടില്ല.
മുസ്തഫിസുർ റഹ്‌മാനെ കളിപ്പിക്കാതിരുന്നാൽ കെകെആറിന്റെ നഷ്ടമെത്ര?
ഒരു കായിക വീക്ഷണ കോണിൽ നിന്ന് നോക്കുമ്പോൾ അത് അത്ര വലിയ നഷ്ടമായിരിക്കില്ല. കെകെആറിന്റെ ബൗളിംഗ് നിരയുടെ ആഴം കണക്കിലെടുക്കുമ്പോൾ സീസണിൽ റഹ്‌മാൻ കൂടുതൽ മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല. 2026 ഏപ്രിൽ 16നും 23നും ഇടയിൽ അദ്ദേഹം കൂടുതൽ മത്സരങ്ങൾ കളിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ല.
കെകെആറിനും റഹ്‌മാനും കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമോ?
ഐപിഎല്ലിലെ കളിക്കാരുടെ കരാറുകളെക്കുറിച്ച് ബിസിസിഐയ്ക്ക് കർശനമായ നിയമങ്ങളുണ്ട്. സാധുവായ കാരണങ്ങൾ ഉണ്ടെങ്കിൽ ഏതൊരു കളിക്കാരനെയും വിലക്കാൻ ബിസിസിഐയ്ക്ക് കഴിയും. രാഷ്ട്രീയ പ്രതിഷേധങ്ങൾ കാരണം ഒരു കളിക്കാരനെ വിലക്കുന്നതിന് നിയമമൊന്നുമില്ലാത്തതിനാൽ മുസ്തഫിസുർ റഹ്‌മാന്റെ കേസ് വ്യത്യസ്തമാണ്.
റഹ്‌മാന് കെകെആർ കരാർ തുക നൽകേണ്ടി വരുമോ?
എതിർപ്പ് രൂക്ഷമാകുകയും റഹ്‌മാനെ പുറത്താക്കാൻ നിർബന്ധിതരാകുകയും ചെയ്താൽ കെകെആർ അദ്ദേഹത്തിന് 9.2 കോടി രൂപ നൽകേണ്ടി വരുമോ?
ഐപിഎല്ലിൽ 'നോ പ്ലേ, നോ പേ' നിയമം നിലവിലുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്താണ് നോ പ്ലേ, നോ പേ നിയമം?
ഒരു കളിക്കാരനെ ലേലത്തിൽ വാങ്ങിയെങ്കിലും ഒരു മത്സരം പോലും കളിക്കാതെ അയാൾ ടൂർണമെന്റ് വിട്ടുപോയാൽ അത് പരിക്ക് മൂലമാണെങ്കിൽ പോലും അയാൾക്ക് പണം ലഭിക്കില്ല.
അതിനാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് റഹ്‌മാൻ ഐപിഎല്ലിൽ നിന്ന് പിന്മാറിയാൽ കെകെആർ അദ്ദേഹത്തിന് പണം നൽകേണ്ടതില്ല. അതേസമയം, റഹ്‌മാനെ പുറത്താക്കാൻ കെകെആർ തീരുമാനിച്ചാൽ കാര്യങ്ങൾ കുറച്ച് സങ്കീർണമാകും. ലേലത്തിന് ശേഷം കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിൽ ഒരു ഔപചാരിക കരാറിൽ ഒപ്പിടുന്നുണ്ട്. കളിക്കാരന് പരിക്കേറ്റിട്ടില്ലെങ്കിൽ, അദ്ദേഹം കളിക്കാൻ ലഭ്യമാണെങ്കിൽ, അവർ അദ്ദേഹത്തെ കളിപ്പിച്ചില്ലെങ്കിലും ഫ്രൈഞ്ചൈസി അദ്ദേഹത്തിന് പണം നൽകേണ്ടി വരും. എന്നാൽ പല കേസുകളിലും സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ പരസ്പര ധാരണപ്രകാരം അത്തരം കരാറുകൾ റദ്ദാക്കുകയാണ് പതിവ്.
മാച്ച് ഫിക്‌സിംഗ്, അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിക്കൽ, ഉത്തേജക മരുന്ന് ഉപയോഗം, പെരുമാറ്റച്ചട്ട ലംഘനം, അനുമതിയില്ലാതെ മറ്റ് ടീമുകളുമായോ ലീഗുകളുമായോ സംസാരിക്കൽ, എൻഒസി ഇല്ലാതെ വിദേശ ലീഗുകളിൽ കളിക്കൽ തുടങ്ങിയ കാരണങ്ങളാൽ കളിക്കാരനെ ഐപിഎല്ലിൽ നിന്ന് വിലക്കിയാൽ മാത്രമേ ഫ്രാഞ്ചൈസികൾ പണം നൽകേണ്ടതില്ലാത്ത സാഹചര്യമുള്ളൂ.
