യുഎസിന്റെ സാറ ഹിൽഡെബ്രാണ്ടിനെതിരായ സ്വർണ മെഡൽ പോരാട്ടത്തിന് ആവശ്യമായ ഭാരത്തിലേക്ക് എത്തിക്കുന്നതിന് ഫോഗട്ട് പരിശീലകരും സപ്പോർട്ട് സ്റ്റാഫുമായി ചേർന്ന് ഉറക്കമൊഴിച്ച് വ്യായാമം ചെയ്തു. ഭക്ഷണവും വെള്ളവും ഒഴിവാക്കിയായിരുന്നു കഠിന പരിശീലനം. ചൊവ്വാഴ്ച രാത്രിമുതൽ ബുധനാഴ്ച രാവിലെ വരെ ഉറക്കമില്ലാതെ സൈക്ലിങും നടത്തവും ഉൾപ്പടെ കഠിന വ്യായാമത്തിലായിരുന്നു വിനേഷ് എന്നാണ് റിപ്പോർട്ട്.
ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ, മുടി മുറിച്ചു. ഒരുവേള രക്തം പുറത്തേക്ക് എടുക്കാൻ പോലും ആലോചിച്ചു. എന്നാൽ ഈ കടുത്ത നടപടികളൊന്നും പ്രതീക്ഷിച്ച ഫലം നൽകിയില്ല. ആത്യന്തികമായി, പ്രാദേശിക സമയം രാവിലെ 7.15 ന് നടന്ന ഭാരപരിശോധനയിൽ ഫോഗട്ടിന് അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ ഭാരം രേഖപ്പെടുത്തി. ഇത് താരത്തിന്റെ അയോഗ്യതയിലേക്ക് നയിച്ചു.
advertisement
ഒളിമ്പിക് മെഡൽ നേട്ടത്തിനായുള്ള യാത്രക്കിടെ കായികതാരങ്ങൾ നേരിടേണ്ടിവരുന്ന തീവ്രവും കഠിനവുമായ വെല്ലുവിളികൾ എടുത്തുകാട്ടുന്നതാണ് ഫോഗട്ടിന്റെയും സംഘത്തിന്റെും പ്രയത്‌നങ്ങൾ. പരമാവധി ശ്രമിച്ചിട്ടും, അധികം വന്ന 100 ഗ്രാം ഭാരം താരത്തിന്റെ മാത്രമല്ല, ഒരു രാജ്യത്തിന്റെ തന്നെ ഒളിമ്പിക്സ് പ്രതീക്ഷകൾക്കാണ് തിരിച്ചടിയായത്.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഇത്തവണ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്നാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത് (5-0).