"ഞാൻ എന്റെ കളി ആസ്വദിക്കുന്നുണ്ടായിരുന്നില്ല. ആസ്വദിക്കാൻ കഴിയാത്ത ഒരു കളി ഞാൻ എന്തിനാണ് തുടരുന്നത് എന്ന ചിന്ത എന്നെ അലട്ടി. എനിക്ക് പിന്തുണയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് തോന്നി. കളി എനിക്ക് ഒരുപാട് നൽകി, ഞാനും എന്റെ പരമാവധി നൽകി. പിന്നെ എന്തിനാണ് ഇനിയും ഇത് തുടരുന്നത്? എനിക്ക് ഇനിയും ഒന്നും തെളിയിക്കാനില്ല. മാനസികമായും ശാരീരികമായും ഇത് എന്നെ വേദനിപ്പിക്കുകയായിരുന്നു. കളി നിർത്തിയ ദിവസം ഞാൻ വീണ്ടും പഴയ ഞാനായി മാറി," യുവരാജ് പറഞ്ഞു.
advertisement
ഇന്ത്യൻ ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് യുവരാജ് സിംഗിനെ വിലയിരുത്തുന്നത്. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയപ്പോൾ യുവരാജിന്റെ പ്രകടനം നിർണ്ണായകമായിരുന്നു. 2011 ലോകകപ്പിൽ ടൂർണമെന്റിലെ താരവും യുവരാജായിരുന്നു. ക്യാൻസറിന്റെ വേദനകൾ നിശബ്ദമായി സഹിച്ചുകൊണ്ടാണ് അദ്ദേഹം അന്ന് രാജ്യത്തിനായി കളിച്ചത്.
എന്നാൽ തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ യുവരാജ് സൃഷ്ടിച്ച വലിയ മാനദണ്ഡങ്ങളും ആരാധകരുടെ പ്രതീക്ഷകളും പ്രായം കൂടുന്തോറും അദ്ദേഹത്തിന് വലിയ ഭാരമായി മാറി. ഇതേത്തുടർന്ന് ഉണ്ടായ വിമർശനങ്ങൾ തനിക്ക് അർഹമായ പിന്തുണയും ബഹുമാനവും ലഭിക്കുന്നില്ലെന്ന തോന്നൽ അദ്ദേഹത്തിൽ ഉണ്ടാക്കി. ഇതാണ് കളിയിൽ നിന്ന് വിരമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് യുവരാജിന്റെ വെളിപ്പെടുത്തൽ.
കരിയറിന്റെ ആദ്യ ഘട്ടത്തിൽ തന്റെ കഴിവിൽ സംശയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു പറഞ്ഞും അദ്ദേഹം ഓർത്തെടുത്തു.യുവരാജിന് വലിയ ഭാവിയില്ലെന്നായിരുന്നു സിദ്ധു ഒരിക്കൽ പറഞ്ഞത്. എന്നാൽ തന്റെ പിതാവ് അതൊരു വെല്ലുവിളിയായി സ്വീകരിച്ചെന്നും. തന്നെ തന്നെ പരിശീലിപ്പിച്ച് ഈ നിലയിൽ എത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു.
