എയർ ചൈനയ്ക്ക് പുറമെ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയും ഡൽഹി - ഷാങ്ഹായ് റൂട്ടിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാനക്കമ്പനിയായി ഇതോടെ ഇൻഡിഗോ മാറും. കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യയും ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാങ്ഹായ് - ഡൽഹി സർവീസുകൾ പുനരാരംഭിച്ചിരുന്നു.
2020-ലെ ഗാൽവൻ താഴ്വരയിലെ സംഘർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ 2023-ൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയോടെ ബന്ധം മെച്ചപ്പെട്ടു തുടങ്ങുകയായിരുന്നു. 2025 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി ചൈന സന്ദർശിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമെതിരെ ഏർപ്പെടുത്തിയ കടുത്ത താരിഫ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൈനീസ് സ്ഥാനപതി ഷു ഫീഹോങ് പ്രഖ്യാപിച്ചിരുന്നു.
