പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ തേടി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് തുറന്ന കത്തെഴുതി ബലൂച് നേതാവ് മിർ യാർ ബലൂച്. പാകിസ്ഥാൻ-ചൈന സഖ്യത്തിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചും ബലൂച്ച് നേതാവ് കത്തിൽ പരാമർശിച്ചു. സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കത്തിൽ പ്രധാനമന്ത്രി മോദിയെയും ബലൂച് നേതാവ് ടാഗ് ചെയ്തു.ഇന്ത്യയിലെ ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേർന്ന മിർ യാർ ബലൂച് ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള മോദി സർക്കാരിന്റെ സുരക്ഷാ നിലപാടുകളെ പ്രശംസിക്കുകയും ചെയ്തു.
advertisement
പാകിസ്ഥാൻ-ചൈന സഖ്യത്തെക്കുറിച്ചാണ് കത്തിൽ പ്രധാനമായും പരാമർശിച്ചിരിക്കുന്നത്. ഗുരുതരവും ആസന്നവുമായ അപകടമാണെന്നാണ് പാകിസ്ഥാൻ ചൈന സഖ്യത്തെ ബലൂച് നേതാവ് വിശേഷിപ്പിച്ചത്.ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കുന്നുവെന്നും പ്രാദേശിക പ്രതിരോധം അവഗണിക്കുന്നത് തുടർന്നാൽ ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവവികാസം ബലൂചിസ്ഥാന് മാത്രമല്ല, ഇന്ത്യയ്ക്കും നേരിട്ടുള്ള സുരക്ഷാ വെല്ലുവിളി ഉയർത്തുമെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
പാകിസ്ഥാൻ പതിറ്റാണ്ടുകളായി അധിനിവേശം നടത്തുകയാണെന്നും ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമം നടത്തുകയും, എട്ട് പതിറ്റാണ്ടുകളായി ബലൂച് ജനതയ്ക്ക് രാഷ്ട്രീയ അവകാശങ്ങൾ, സാമ്പത്തിക നിയന്ത്രണം, സ്വയം നിർണ്ണയാവകാശം എന്നിവ നിഷേധിക്കക്കുകയാണെന്നും അദ്ദേഹം വാദിച്ചു. പാകിസ്ഥാൻ സുരക്ഷാ സേനയും ബലൂച് വിഘടനവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബലൂച് നേതാവിന്റെ തുറന്ന കത്ത് പുറത്തു വന്നത്.
