2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി അയച്ച കത്തിനെതിരെ ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനപ്രതിനിധികൾ മറ്റ് രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് പദവിയിലിരിക്കുന്നവർക്ക് യോജിച്ചതല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് പകരം തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസമാണ് ഉമർ ഖാലിദിന്റെ സുഹൃത്ത് ബനോജ്യോത്സ്ന ലാഹിരി കത്തിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചത്. താൻ പലപ്പോഴും ഉമറിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും നിരാശ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കരുതെന്നുമായിരുന്നു കൈപ്പടയിൽ എഴുതിയ കത്തിലുണ്ടായിരുന്നത്. ഡിസംബറിൽ ഉമർ ഖാലിദിന്റെ മാതാപിതാക്കൾ അമേരിക്ക സന്ദർശിച്ചപ്പോഴാണ് മംദാനി അവരെ കാണുകയും കുറിപ്പ് കൈമാറുകയും ചെയ്തത്.
അതേസമയം, ജനുവരി 5-ന് 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. യു.എ.പി.എ (UAPA) പ്രകാരം ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കാനുള്ള കുറുക്കുവഴിയല്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ. വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
