ജന്മാവകാശ പൗരത്വത്തെച്ചൊല്ലി ദീര്‍ഘകാലമായി നില്‍ക്കുന്ന വിവാദം പുനഃപരിശോധിക്കാന്‍ യുഎസ് സുപ്രീം കോടതി സമ്മതിച്ചതിന് പിന്നാലെയാണ് ഈ പരാമര്‍ശം.
ജന്മാവകാശ പൗരത്വത്തിനെതിരായ തന്റെ എക്‌സിക്യുട്ടിവ് ഉത്തരവിനെ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ പൊളിറ്റിക്കയോട് സംസാരിക്കവെ ട്രംപ് ന്യായീകരിച്ചു. സുപ്രീം കോടതിയില്‍ തന്റെ ഭരണകൂടം കേസ് തോറ്റാല്‍ അത് സര്‍വനാശം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഈ കേസ് വളരെ രസകരമാണ്. കാരണം, ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നു. കേസിലെ തീയതികള്‍ പരിശോധിക്കുമ്പോള്‍ അത് കൃത്യമായി ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ആ കേസ് മറ്റൊരു രാജ്യത്തുനിന്ന് വരുന്ന ഏതെങ്കിലും സമ്പന്നനായ ഒരാളെ ഉദ്ദേശിച്ചുള്ളതല്ല. അവര്‍ നമ്മുടെ രാജ്യത്ത് കാലുകുത്തുകയും പെട്ടെന്ന് അവരുടെ മുഴുവന്‍ കുടുംബവും യുഎസ് പൗരന്മാരായി മാറുകയും ചെയ്യുന്നു," ട്രംപ് പറഞ്ഞു.
advertisement
"ആ കേസ് അടിമകളെക്കുറിച്ചുള്ളതാണ്. അടിമകളുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ളതാണ്. അത് അങ്ങനെ ചെയ്യാന്‍ ഒരു നല്ല കാരണമുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആളുകള്‍ കാര്യം മനസ്സിലാക്കുന്നുണ്ട്. ഇത് അവര്‍ക്ക് വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. കോടതിക്കും ഇത് മനസ്സിലായി എന്ന് ഞാന്‍ കരുതുന്നു. ഈ കേസില്‍ നമ്മള്‍ തോറ്റാല്‍ അത് സർവനാശമുണ്ടാക്കുന്ന തീരുമാനമായിരിക്കും," ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജന്മാവകാശ പൗരത്വം നേടിയ ലക്ഷക്കണക്കിന് ആളുകളെ താമസിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.
ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ്
2025 ജനുവരിയിലാണ് ജന്മാവകാശ പൗരത്വം സംബന്ധിച്ച എക്‌സിക്യുട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്നവരുടെയും താത്കാലിക വിസയില്‍ അമേരിക്കയില്‍ എത്തി താമസിക്കുന്നവരുടെയും അവിടെ ജനിച്ച മക്കള്‍ക്ക് പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുന്ന എക്‌സിക്യുട്ടിവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. പുതിയ നിയമം മുന്‍കാല പ്രാബല്യത്തോടെയുള്ളതല്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന യുഎസ് നയത്തില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം നിരവധി കോടതി ഇടപെടലുകള്‍ക്ക് കാരണമായി. യുഎസിലെ ഒട്ടേറെ ഫെഡറല്‍ കോടതികള്‍ ഈ ഉത്തരവ് താത്കാലികമായി തടഞ്ഞു.
അതേസമയം, എക്‌സിക്യുട്ടിവ് ഉത്തരവുകള്‍ നടപ്പിലാക്കുന്നത് തടയുന്ന രാജ്യവ്യാപകമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഫെഡറൽ കോടതികൾക്ക് കഴിയില്ലെന്ന് ജൂണില്‍ സുപ്രീം കോടതി വിധിച്ചു. ഡിസംബര്‍ അഞ്ചിന് സുപ്രീം കോടതി അപ്പീല്‍ പരിഗണിച്ച് കേസ് നേരിട്ട് കേട്ട് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. അടുത്ത വേനല്‍ക്കാലത്ത് ഈ വിഷയത്തില്‍ യുഎസ് സുപ്രീം കോടതി വിധി പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
എന്താണ് ജന്മാവകാശ പൗരത്വം?
1868ല്‍ ഭരണഘടനയില്‍ ചേര്‍ത്ത 14ാം ഭേദഗതിയുടെ സിറ്റിസണ്‍ഷിപ്പ് ക്ലോസിലാണ് യുഎസിൽ ജനിക്കുന്ന ഏതൊരാളെയും അവിടുത്തെ പൗരനായി കണക്കാക്കുന്നത്. യുഎസില്‍ ജനിച്ചവരോ അതിന്റെ അധികാര പരിധിക്ക് വിധേയരായവരോ ആയ എല്ലാ വ്യക്തികളും യുഎസിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണെന്ന് നിയമത്തില്‍ പറയുന്നു. 1952ലെ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലും സമാനമായ ഭാഷയിലാണ് പൗരന്മാരെ നിര്‍വചിച്ചിരിക്കുന്നത്.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്ക് അനുസരിച്ച് 2022 ജനുവരി വരെ യുഎസില്‍ നിയമവിരുദ്ധമായി 1.1 കോടി കുടിയേറ്റക്കാര്‍ താമസിച്ചിരുന്നു. അവരുടെ യുഎസില്‍ ജനിച്ച കുട്ടികളെ സര്‍ക്കാര്‍ യുഎസ് പൗരത്വമുള്ളവരായി കണക്കാക്കുന്നു. പ്രസവിക്കുന്നതിനും തങ്ങളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം നല്‍കുന്നതിനുമായി വിദേശ സ്ത്രീകള്‍ യുഎസ് സന്ദര്‍ശിക്കുന്നതായി ട്രംപ് മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
