കാലിഫോര്‍ണിയ കണക്റ്റിക്കട്ടില്‍ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 56കാരനായ സ്‌റ്റെയിന്‍-എറിക് സോൾബെര്‍ഗ് തന്റെ 83കാരിയായ അമ്മ സൂസെയ്ന്‍ ആഡംസിനെ കൊലപ്പെടുത്തി. ഇതിന് ശേഷം ജീവനൊടുക്കാനുള്ള സോൾബെര്‍ഗിന്റെ തീരുമാനത്തിന് ചാറ്റ്ജിപിടി ഊർജം പകര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചാറ്റ്ജിപിടി പ്രതിയായത് എങ്ങനെ?
സോൾബെര്‍ഗ് ചാറ്റ് ജിപിടിയുമായി മണിക്കൂറുകളോളം ചാറ്റ് ചെയ്യുമായിരുന്നു. ഇത് വഴി സോൾബെര്‍ഗിന്റെ സംശയരോഗവും വിശ്വാസവും സാധൂകരിക്കപ്പെടുകയും വലുതാകുകയും ചെയ്തു. ഇതിന് പുറമെ അയാളുമായി ഏറ്റവും ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളെ-പ്രത്യേകിച്ച് സ്വന്തം അമ്മയെ-എതിരാളിയായോ ഭീഷണിയായോ ചാറ്റ്ജിപിടി ചിത്രീകരിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.
advertisement
ഒരു ഗൂഢസംഘം തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി സോൾബെര്‍ഗ് ചാറ്റ്ജിപിടിയോട് പറഞ്ഞു. മാസങ്ങളോളം ചാറ്റ് ജിപിടിയും സോൾബെർഗും തമ്മിൽ സംസാരിച്ചു. തനിക്കെതിരേയുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മ പങ്കാളിയാണെന്ന് താന്‍ സംശയിക്കുന്നതായും ഇയാള്‍ ചാറ്റ്ജിപിടിയോട് പറഞ്ഞു. തന്റെ സംശയം ന്യായമാണെന്നും അമ്മ തന്നെ വഞ്ചിച്ചുവെന്നുമുള്ള തന്റെ ധാരണയെ ചാറ്റ്ജിപിടി പിന്തുണച്ചതിനാല്‍ തന്റെ സോഷ്യല്‍മീഡിയ ചാറ്റുകള്‍ സോൾബെര്‍ഗ് ചാറ്റ്ജിപിടിയുമായി പങ്കുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും തന്നെ ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു ചാറ്റ്ജിപിടി പോസ്റ്റ് ജൂണില്‍ സോൾബെർഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇയാളുടെ ജീവിതത്തെ 'ദ മാട്രിക്‌സ്' എന്ന സിനിമയുമായി താരതമ്യം ചെയ്യുകയും ആളുകള്‍ അയാളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന സംശയരോഗം ജനിപ്പിക്കുകയും ചെയ്തു.
ഉപയോക്താക്കളിൽ നിന്നും നേട്ടമുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നതായി ആരോപിക്കപ്പെടുന്ന ചാറ്റ്ജിപിടിയുടെ GPT-4o എന്ന പതിപ്പാണ് സോൾബെർഗ് ഉപയോഗിച്ചിരുന്നത്.
ആഡംസിന്റെ പ്രിന്ററില്‍ വെളിച്ചം മിന്നുന്നത് അത് തന്നെ നിരീക്ഷിക്കുന്നത് കൊണ്ടാണ് ജൂലൈയില്‍ ചാറ്റ്ജിപിടി തന്നോട് പറഞ്ഞതായി സോൾബെര്‍ഗ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് സോൾബെര്‍ഗ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് തന്റെ അമ്മയും സുഹൃത്തും കാറിന്റെ എയര്‍വെന്റുകളിലൂടെ വിതറിയ സൈക്കഡെലിക് മരുന്നുകള്‍ ഉപയോഗിച്ച് തനിക്ക് വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന സോൾബെർഗിന്റെ വിശ്വാസത്തെ ചാറ്റ്‌ബോട്ട് ശരിവെച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഉത്തരം തേടി കുടുംബം
കുടുംബത്തെ ബാധിച്ച ദുരന്തത്തിന് ടെക് കമ്പനികളാണ് ഉത്തരവാദികളെന്ന് സോള്‍ബെര്‍ഗിന്റെ മകന്‍ എറിക് പറയുന്നു. തന്റെ കുടുംബത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അവരുടെ തീരുമാനങ്ങള്‍ക്ക് ഈ കമ്പനികള്‍ ഉത്തരം നല്‍കണമെന്നും മകന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. സോൾബെര്‍ഗിന്റെ മദ്യാസക്തി ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ അയാള്‍ ചാറ്റ്ജിപിടിയോട് പങ്കുവെച്ചിരിക്കാമെന്ന് എറിക് വിശ്വസിക്കുന്നു. എന്നാല്‍, അത് പ്രധാനമായും ചാറ്റ്ജിപിടിയുമായുള്ള സോൾബെര്‍ഗിന്റെ അനാരോഗ്യകരമായ ബന്ധം മൂലമാകാം. സോൾബെര്‍ഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്ധനെ കാണമെന്ന് ചാറ്റ്ജിപിടി ഒരിക്കല്‍പോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.
ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്‍, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്.
പ്രതികരിച്ച് ഓപ്പണ്‍എഐ
സംഭവത്തെ ഹൃദയഭേദകമെന്ന് വിശേഷിപ്പിച്ച ഓപ്പണ്‍എഐ കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവരങ്ങള്‍ അവലോകനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും അവയോട് പ്രതികരിക്കുന്നതിനും സംഭാഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും യാഥാർഥ്യത്തിലേക്കും യഥാര്‍ത്ഥ ലോകത്തേക്കും വരുന്നതിന് ആളുകളെ പിന്തുണയ്ക്കുന്നതിനുമുള്ള ചാറ്റ്ജിപിടിയുടെ പരിശീലനം മെച്ചപ്പെടുത്തുന്നത് തുടരുമെന്നും ഓപ്പണ്‍എഐ വക്താവ് പറഞ്ഞു.
മൈക്രോസോഫ്റ്റ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
