75കാരനായ യാൻസി ദീർഘകാലം എഴുത്തുകാരനായിരുന്ന ക്രിസ്റ്റ്യാനി ടുഡെയ്ക്ക് അയച്ച ഒരു ഇമെയിൽ പ്രസ്താവനയിലാണ് അവിഹിത ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനിറ്റി ടുഡെയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. തന്റെ വിശ്വാസത്തിനും എഴുത്തുകൾക്കും വിരുദ്ധമായ തന്റെ പ്രവർത്തികൾ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾ, തന്റെ കൃതികൾ വിശ്വസിച്ച വായനക്കാർക്കും ആഴത്തിലുള്ള വേദനയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
''എന്റെ അവിഹിത ബന്ധം എന്റെ വിശ്വാസവുമായും എന്റെ എഴുത്തുകളുമായും പൂർണമായും പൊരുത്തപ്പെടാത്തതായിരുന്നു. മാത്രമല്ല, അവരുടെ ഭർത്താവിനും ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അത് ആഴത്തിലുള്ള വേദനയുണ്ടാക്കി,'' അദ്ദേഹം പറഞ്ഞു. ആ ബന്ധം എട്ടുവർഷത്തോളം നീണ്ടുനിന്നുവെന്നും അവരുടെ കുടുംബത്തോടുള്ള ബഹുമാനം നിമിത്തം കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
പൊതു ശുശ്രൂഷയിൽ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം എഴുത്ത്, പ്രസംഗം, പൊതുജീവിതം എന്നിവയിൽ നിന്ന് സ്ഥിരമായി വിട്ടുനിൽക്കുമെന്നും കൂട്ടിച്ചേർത്തു. 2026ൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ അദ്ദേഹം റദ്ദാക്കി. അര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുജീവിതത്തിനാണ് വെളിപ്പെടുത്തലോടെ പെട്ടെന്ന് അന്ത്യം കുറിച്ചത്.
പതിറ്റാണ്ടുകളോളമായി യാൻസി എഴുതുകയും എഡിറ്റ് ചെയ്യുകയും എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത ക്രിസ്ത്യാനിറ്റി ടുഡേയിലെ എല്ലാ പദവികളിലും നിന്നും അദ്ദേഹം പിൻമാറിയതായി അവർ സ്ഥിരീകരിച്ചു. 1971ൽ ക്യാംപസ് ലൈഫ് മാസികയിലാണ് യാൻസിയുടെ കരിയറിന്റെ തുടക്കം. അതിന് ശേഷം ക്രിസ്റ്റിയാനിറ്റി ടുഡേയുടെ ഭാഗമായി. 1983 മുതൽ 26 വർഷത്തോളം പുറകിലത്തെ പേജിൽ ഒരു കോളം എഴുതിയിരുന്നു. ഏറെ ജനപ്രിയമായിരുന്നു ഇത്.
പ്രമുഖ സുവിശേഷ ശബ്ദം
ആധുനിക യുഗത്തിലെ ഏറ്റവും സ്വാധീനമുള്ള ക്രിസ്ത്യൻ എഴുത്തുകാരിൽ ഒരാളാണ് യാൻസി. 49 ഭാഷകളിലായി അദ്ദേഹത്തിന്റെ രണ്ട് കോടിയിലധികം പുസ്തകങ്ങൾ വിറ്റഴിഞ്ഞതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ പറയുന്നു. ദി ജീസസ് ഐ നെവർ ന്യൂ(The Jesus I Never Knew), വാട്ട്‌സ് സോ അമേസിംഗ് എബൗട്ട് ഗ്രേസ്(What's So Amazing About Grace) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികൾ. ഈ രണ്ട് കൃതികളും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷൻ ക്രിസ്ത്യൻ ബുക്ക് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ യാൻസിയെ തന്റെ പ്രിയപ്പെട്ട ആധുനിക എഴുത്തുകാരനായി വിശേഷിപ്പിച്ചിരുന്നു.
പ്രതികരിച്ച് ഭാര്യ ജാനറ്റ് യാൻസി
തന്റെ അവിഹിത ബന്ധമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാര്യ ജാനറ്റ് യാൻസിയുടെ പ്രസ്താവനയും യാൻസി പങ്കുവെച്ചു.
''വഞ്ചനയ്ക്ക് ഇരയായ ആളുകൾക്ക് മനസ്സിലാകുന്ന ഒരു ആഘാതത്തിന്റെയും നടുക്കത്തിന്റെയും ഇടത്തുനിന്നാണ് ഞാൻ സംസാരിക്കുന്നത്,'' അവർ പറഞ്ഞു. വേദനയുണ്ടെങ്കിലും വിവാഹബന്ധം വേർപ്പെടുത്തില്ലെന്ന് അവർ പറഞ്ഞു. ''55.5 വർഷങ്ങൾക്ക് മുമ്പ് ഞാൻ പവിത്രവും പരസ്പര ബന്ധിതവുമായ ഒരു വിവാഹപ്രതിജ്ഞയെടുത്തു. ആ വാഗ്ദാനം ഞാൻ ലംഘിക്കില്ല. ആഴമേറിയ ആഘാതമുണ്ടെങ്കിലും ക്ഷമിക്കാനുള്ള കൃപ ദൈവം എനിക്ക് നൽകട്ടെ,'' അവർ പറഞ്ഞു.
1980കളുടെ തുടക്കം മുതൽ അമേരിക്കയിലെ കൊളറാഡോയിൽ താമസിക്കുന്ന യാൻസി ലോകമെമ്പാടും സുവിശേഷ പ്രഘോഷണം നടത്തിയിട്ടുണ്ട്. 2023ൽ പാർക്കിൻസൺ രോഗം കണ്ടെത്തിയെന്നും ഇതിന് ശേഷം കൂടുതലായി ഭാര്യയെ ആശ്രയിച്ചിരുന്നതായും യാൻസി വെളിപ്പെടുത്തി.
