ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരന്തരമായ ഭീഷണിക്ക് മറുപടിയുമായി ഡെൻമാർക്ക്. അമേരിക്ക ഗ്രീൻലാൻഡ് ആക്രമിച്ചാൽ സൈനികർ ആദ്യം ചെയ്യുക വെടിവയ്ക്കുക എന്നതായിരുക്കുമെന്നും പിന്നീടാണ് ചോദ്യങ്ങൾ ചോദിക്കുകയെന്നും ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയം പറഞ്ഞു. സൈനിക നടപടികൾക്കായുള്ള പ്രത്യേക നിയമ പ്രകാരം, വിദേശ അധിനിവേശമുണ്ടായാൽ മുകളിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ തന്നെ സൈനികർ പ്രതിരോധിക്കണമെന്ന് ഡാനിഷ് മാധ്യമമായ ബെർലിംഗിസ്‌കെയോട് മന്ത്രാലയം വ്യക്തമാക്കി.
advertisement
ഒരു അധിനിവേശമുണ്ടായാൽ, ബന്ധപ്പെട്ട കമാൻഡർമാർ യുദ്ധപ്രഖ്യാപനത്തെയോ യുദ്ധാവസ്ഥയെയോ കുറിച്ച് അറിവില്ലാത്തവരാണെങ്കിൽ പോലും, ഉത്തരവുകൾക്കായി കാത്തിരിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ തന്നെ സൈന്യം തിരിച്ചടിക്കണമെന്ന് 1952-ലെ ഈ നിയമം പറയുന്നു.
വെനിസ്വേലയെ ആക്രമിച്ചതിന് ശേഷം ഗ്രീൻലാൻഡാണ് അടുത്ത ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ പരാമർശം. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണെന്നും ആർട്ടിക് മേഖലയിലെ അമേരിക്കയുടെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞിരുന്നു.അതേസമയം, ഡെൻമാർക്ക് അംബാസഡർ ജെസ്പർ മോളർ സോറൻസണും യുഎസിലെ ഗ്രീൻലാൻഡിൻ്റെ പ്രതിനിധി മേധാവി ജേക്കബ് ഇസ്ബോസെത്സണും വ്യാഴാഴ്ച ദേശീയ സുരക്ഷാ കൗൺസിലിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് അമേരിക്കയുടെ അധീനതയിലാകണമെന്ന് 2019 മുതൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നുണ്ടായിരുന്നു. സൈന്യത്തെ ഉപയോഗിച്ച് ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ല എന്ന് ഡെൻമാർക്ക് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.ഗ്രീൻലാൻഡിന്റെയും ഡെൻമാർക്കിന്റെയും പ്രാദേശിക സമഗ്രതയെ മാനിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.ഗ്രീൻലാൻഡിനെതിരായ ഏതൊരു യുഎസ് ആക്രമണവും നാറ്റോ സഖ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ സ്ഥാപിതമായ സുരക്ഷയുടെയും അവസാനമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെനും ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
