വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്. നേരത്തെ തന്നെ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വെനസ്വലയിലെ എണ്ണയും പ്രകൃതിവിഭവങ്ങളും തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം യുഎസ് എണ്ണ വ്യവസായങ്ങള്‍ വെനസ്വലയില്‍ നടത്തുമെന്നും ഖനനം ആരംഭിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം ട്രംപ് അറിയിച്ചു. ഇതുസംബന്ധിച്ച് കരാറിലേക്ക് എത്തിയതായും ചര്‍ച്ച വളരെ മികച്ചതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും എണ്ണ വില കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നും യുഎസിനും വെനസ്വലയ്ക്കും ഇത് ഗുണം ചെയ്യുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
advertisement
"ധാരാളം പണം സമ്പാദിക്കാന്‍ പോകുന്നു. എണ്ണ വില കുറയും, അതിപ്പോള്‍ കുറഞ്ഞുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുമായി ഇന്ന് ഞങ്ങള്‍ നടത്തിയ കൂടിക്കാഴ്ച മികച്ചതായിരുന്നു", ട്രംപ് പറഞ്ഞു. വെനസ്വലയുടെ മന്ദഗതിയിലായ എണ്ണ ഉത്പാദനം പുനരുജ്ജീവിപ്പിക്കാന്‍ യുഎസ് കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
വെനസ്വലയുടെ എണ്ണ ശേഖരം കുഴിച്ചെടുക്കാന്‍ 100 ബില്യണ്‍ ഡോളര്‍ വരെ സ്വകാര്യ നിക്ഷേപം നടത്താനാണ് പ്രസിഡന്റ് ട്രംപ് യുഎസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അവിടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന കമ്പനികള്‍ക്ക് പൂര്‍ണ്ണ സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ കമ്പനികള്‍ വെനസ്വലയുമായിട്ടല്ല അമേരിക്കയുമായിട്ടായിരിക്കും നേരിട്ട് ഇടപെടുന്നതെന്നും ട്രംപ് അറിയിച്ചു.
ഷെവ്‌റോണ്‍, എക്‌സോണ്‍മൊബീല്‍, കോനോകോഫിലിപ്‌സ് തുടങ്ങി ഒരു ഡസനിലധികം എണ്ണ, വാതക കമ്പനി നേതൃത്വങ്ങള്‍ ട്രംപുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് വിവരം.
വെനസ്വലയുടെ പ്രതിദിന എണ്ണ ഉത്പാദനം നിലവില്‍ ഒരു മില്യണ്‍ ബാരലില്‍ താഴെയാണ്. ഈ ഇടിവ് മറികടക്കുകയെന്നതാണ് ട്രംപിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. വെനസ്വലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി യുഎസ് ഭരണകൂടം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിപണിയില്‍ പ്രവേശിക്കുന്ന കമ്പനികള്‍ക്ക് മതിയായ സംരക്ഷണം നല്‍കുമെന്നും എണ്ണക്കമ്പനികളെ ബോധ്യപ്പെടുത്താനാണ് ട്രംപിന്റെ ശ്രമം.
ട്രംപിന്റെ വാദങ്ങളെ റോഡ്രിഗസ് പരസ്യമായി നിഷേധിച്ചിട്ടുണ്ടെങ്കിലും അവര്‍ യുഎസ് ഭരണകൂടവുമായി സഹകരിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വാദം.
യുഎസ് സൈനിക നടപടി വെനസ്വലയെ സമ്പന്നമാക്കുമെന്നും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ആവര്‍ത്തിച്ചു. യുഎസിന്റെ സാമ്പത്തിക, സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ തന്ത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കുന്നതിനുള്ള നീക്കമായും ഇതിനെ ബന്ധപ്പെടുത്തി.
"വെനസ്വലയിലെ സൈനിക നീക്കം നമ്മുടെ രാജ്യത്തെ സമ്പന്നമാക്കും, അത് നമ്മുടെ രാജ്യത്തെ കൂടുതല്‍ ശക്തമാക്കും, അത് നമ്മുടെ രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കും, കൂടാതെ അമേരിക്കയില്‍ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചുള്ള മരണങ്ങള്‍ കുറയാന്‍ ഇടയാക്കും, ഇത് അതിശയകരമായ ഒരു കാര്യമാണ്, വാന്‍സ് പറഞ്ഞു.
മഡുറോയെ പിടികൂടിയതിന് ശേഷം ഒരു സാമ്പത്തിക അവസരമായി ഈ നീക്കത്തെ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുകയാണ് ട്രംപ്. അദ്ദേഹത്തിന്റെ ഭരണകൂടം വെനസ്വലന്‍ ക്രൂഡ് ഓയില്‍ വഹിക്കുന്ന ടാങ്കറുകള്‍ പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ലോകമെമ്പാടുമുള്ള അസംസ്‌കൃത എണ്ണ വില്‍പ്പന അനിശ്ചിതമായി നിയന്ത്രിക്കാനുള്ള പദ്ധതികളോടെ 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ മുമ്പ് അനുവദിച്ച എണ്ണയുടെ വില്‍പ്പന യുഎസ് നിയന്ത്രിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
