യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച മാധ്യമപ്രവർത്തകരാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. 2013 ജൂലൈ 18-ന് എപ്‌സ്റ്റീൻ തന്നെ തനിക്ക് അയച്ച ഇമെയിലുകളുടെ സ്ക്രീൻഷോട്ടുകളിലാണ് ഈ ആരോപണങ്ങൾ ഉള്ളതെന്ന് 'ദി സൺ', 'ഡെയ്‌ലി മെയിൽ' എന്നീ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ഗേറ്റ്‌സിനെ എപ്‌സ്റ്റീൻ ഈ സന്ദേശങ്ങളിൽ കുറ്റപ്പെടുത്തുന്നുണ്ട്. ലൈംഗികരോഗത്തെക്കുറിച്ചുള്ള ഇമെയിലുകൾ ഡീലീറ്റ് ചെയ്യണമെന്നും മെലിൻഡയ്ക്ക് രഹസ്യമായി നൽകാൻ ആന്റിബയോട്ടിക്കുകൾ വേണമെന്നും ഗേറ്റ്‌സ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി എപ്‌സ്റ്റീൻ ഇതിൽ ആരോപിക്കുന്നു. ഗേറ്റ്‌സ് ബന്ധം വേർപെടുത്തിയത് തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്ത ഇമെയിലിൽ എപ്‌സ്റ്റീൻ എഴുതിയിട്ടുണ്ട്. എന്നാൽ ഇവ എപ്‌സ്റ്റീൻ ശരിക്കും അയച്ച സന്ദേശങ്ങളല്ലെന്നും അദ്ദേഹം എഴുതിത്തയ്യാറാക്കിയ കുറിപ്പുകൾ മാത്രമാണെന്നും 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എപ്‌സ്റ്റീന്റെ ഈ അവകാശവാദങ്ങൾക്ക് സ്ഥിരീകരണമൊന്നുമില്ലെന്ന് മാധ്യമങ്ങൾ തന്നെ എടുത്തുപറയുന്നുണ്ട്.
advertisement
അതേസമയം,ഈ ആരോപണങ്ങളെല്ലാം ബിൽ ഗേറ്റ്‌സ് പൂർണ്ണമായും നിഷേധിച്ചു. ഈ അവകാശവാദങ്ങൾ തികച്ചും അസംബന്ധവും തെറ്റുമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്‌സുമായുള്ള ബന്ധം തുടരാൻ കഴിയാത്തതിലുള്ള എപ്‌സ്റ്റീന്റെ നിരാശയും അദ്ദേഹത്തെ കുടുക്കാനുള്ള ശ്രമവുമാണ് രേഖകൾ കാണിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.
മുമ്പ് എപ്‌സ്റ്റീനെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച ഗേറ്റ്‌സ്, എന്നാൽ അദ്ദേഹവുമായുള്ള ബന്ധത്തിൽ ഖേദിക്കുന്നതായും തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന രേഖകളിൽ എപ്‌സ്റ്റീനും ഗേറ്റ്‌സും ഒന്നിച്ചുള്ള ചിത്രങ്ങളും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും വീഡിയോകളും ചിത്രങ്ങളും നീതിന്യായ വകുപ്പ് വെളിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനകം ആറ് ലക്ഷത്തിലധികം രേഖകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. 2019-ൽ ജയിലിൽ വെച്ച് മരണപ്പെട്ട എപ്‌സ്റ്റീൻ പ്രമുഖരുമായി നടത്തിയ ആശയവിനിമയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുമാണ് ഈ ഫയലുകളിൽ ഉള്ളത്. എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക നിഗമനം.
