കഴിഞ്ഞ ബുധനാഴ്ച്ചയാണ് 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും രക്ഷിച്ചു. വടക്കൻ അറ്റ്ലാന്റ്റിക് സമുദ്രത്തിൽ പോർച്ചുഗലിന് സമീപം അസോറസ് ദ്വീപിനടുത്തായി കപ്പൽ നിന്ന് കത്തുകയാണ്. ഒപ്പം കോടികൾ വിലപിടിപ്പുള്ള ആഢംബര കാറുകളും.
ഫെബ്രുവരി പത്തിനാണ് ജർമനിയിലെ എംഡെനിൽ നിന്ന് ഫെലിസിറ്റി എയ്സ് കാറുകളുമായി യാത്ര പുറപ്പെട്ടത്. ബുധനാഴ്ച്ച യുഎസ്സിലെ റോഡ് ഐലൻഡിലുള്ള ഡേവിസ്‌വില്ലെയിൽ എത്തിയേണ്ടിയിരുന്നതാണ്.
advertisement
പോർച്ചുഗീസ് ദ്വീപ് പ്രദേശമായ അസോറസിലെ ടെർസെയ്‌റ ദ്വീപിൽ നിന്ന് 200 മൈൽ അകലെയുള്ളപ്പോഴാണ് കപ്പലിന്റെ കാർഗോ ഹോൾഡിൽ തീപിടിച്ചത്. ഒരു പോർച്ചുഗീസ് ദ്വീപ് പ്രദേശം. അപകടമുണ്ടായ ഉടൻ തന്നെ പോർച്ചുഗീസ് സേന ദ്വീപുകാരെ ഒഴിപ്പിച്ചു.
തീപിടിത്തിൽ 650 അടിയും 60,000 ടൺ ഭാരമുള്ള ചരക്ക് കപ്പലിലെ സാധനങ്ങൾക്ക് എത്രത്തോളം കേടുപറ്റിയെന്ന് വ്യക്തമല്ല. സംഭവത്തിൽ കപ്പൽ കമ്പനിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓട്ടോമോട്ടീവ് വെബ്സൈറ്റായ 'ദി ഡ്രൈവ്' ന്റെ റിപ്പോർട്ട് അനുസരിച്ച്, ഫോക്സ്-വാഗണിന്റെ 4,000 കാറുകൾ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. 189 ബെന്റ്ലിയും ഇതിൽ ഉൾപ്പെടും. 1,100 കാറുകൾ കപ്പലിലുണ്ടായിരുന്നതായി പോർഷെ അറിയിച്ചിട്ടുണ്ട്.
കാറുകളുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും കാറുകൾ ഓർഡർ ചെയ്തവർ ഡീലർമാരുമായി ബന്ധപ്പെടണമെന്നും പോർഷേ കാർസ് നോർത്ത് അമേരിക്ക വക്താവ് അറിയിച്ചു. അപകടത്തെ തുടർന്ന് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ വൈകുമെന്നും പോർഷേ അറിയിച്ചു.