ഖാലിദ സിയയുടെ ശവസംസ്‌കാരം ബുധനാഴ്ച ധാക്കയിലെ മണിക് മിയ അവന്യൂവിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധ കണ്ടെത്തിയതിനെ തുടർന്ന് നവംബർ 23ന് ഖാലിദ സിയ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. അവർക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. ലണ്ടനിലെ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം അവർ ഈ വർഷം മേയിലാണ് ധാക്കയിലേക്ക് മടങ്ങിയെത്തിയത്.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ അവർ 1991,1996, 2001 എന്നീ വർഷങ്ങളിലാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
advertisement
തന്റെ ആദ്യ ഭരണകാലയളവിൽ അവർ രാജ്യത്തെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, സ്ത്രീകൾക്കുള്ള അവസരങ്ങൾ എന്നിവയ്ക്കായി പ്രവർത്തിച്ചു. എന്നാൽ, അവരുടെ ഭരണ കാലയളവിൽ ബംഗ്ലാദേശ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ആഭ്യന്തര കലാപത്തിനും സാക്ഷിയായി.
ഖാലിദ സിയയുടെ മകനും ബിഎൻപി ആക്ടിംഗ് ചെയർമാനുമായ താരിഖ് റഹ്‌മാൻ ഡിസംബർ 25ന് ധാക്കയിൽ എത്തിച്ചേർത്തിരുന്നു. 17 വർഷം നീണ്ട ലണ്ടനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം ബംഗ്ലാദേശിൽ മടങ്ങി എത്തിയത്. ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
