ഫാക്ടറിയിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട അൻസാർ അംഗമാണ് കൊല്ലപ്പെട്ട ബജേന്ദ്ര ബിശ്വാസ്. സിൽഹെറ്റ് സദറിലെ കദിർപൂർ ഗ്രാമത്തിൽ നിന്നുള്ള പോബിത്ര ബിശ്വാസിന്റെ മകനാണ് ബജേന്ദ്ര. ബജേന്ദ്രയെ വെടിവെച്ച മറ്റൊരു അൻസാർ അംഗമായ നൊമാൻ മിയ (22) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശിൽ ഫാക്ടറികൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങള്‍, തിരഞ്ഞെടുപ്പു ജോലികൾ എന്നിവയ്ക്കായി സുരക്ഷ ഒരുക്കുന്നതിന് അൻസാർ (ബംഗ്ലാദേശ് അൻസാർ ആൻഡ് വില്ലേജ് ഡിഫൻസ് പാർട്ടി) ഉദ്യോഗസ്ഥരെയാണ് സാധാരണയായി വിന്യസിക്കുന്നത്. പ്രശ്‌നസാധ്യത കൂടുതലുള്ള ഇടങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് തോക്കുകൾ നൽകാറുണ്ട്.
advertisement
തിങ്കളാഴ്ച സംഭവം നടക്കുമ്പോൾ ഫാക്ടറിയിൽ 20തോളം അൻസാർ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബജേന്ദ്ര ബിശ്വാസും നോമാൻ മിയയും ഒരുമിച്ച് ഇരിക്കുമ്പോൾ നോമാന്റെ കൈവശമുണ്ടായിരുന്ന ഒരു ഷോട്ട്ഗൺ അബദ്ധത്തിൽ പൊട്ടുകയായിരുന്നു. വെടിയുണ്ട ബിശ്വാസിന്റെ ഇടതു തുടയിൽ തുളച്ചു കയറി ഗുരുതരമായി പരിക്കേൽക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി അവർ കൂട്ടിച്ചേർത്തു.
ഫാക്ടറിയിലെ ജീവനക്കാർ ബജേന്ദ്രയെ ഉടൻ തന്നെ ഭാലുക ഉപജില്ലാ ഹെൽത്ത് കോപ്ലക്‌സിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ബജേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൈമെൻസിംഗ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഹിന്ദു യുവാവിന് വെടിയേറ്റതുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണെന്നും വെടിവെപ്പ് അബദ്ധവശാലാണോ അതോ സംഭവത്തിന് കാരണമായ മറ്റെന്തെങ്കിലും ഘടകങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കേസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നതെന്ന് ഉറപ്പു നൽകിയ പോലീസ്, സാക്ഷികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
